ഫെബ്രുവരി 4ന് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്കാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് ഉറപ്പിച്ചു പറയാവുന്ന തെരഞ്ഞെടുപ്പ്. ചില സര്‍വേകള്‍ ബിജെപിക്ക് ജയ സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും താന്‍ അതിനോട് പൂര്‍ണമായും വിയോജിക്കുന്നു.

അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എന്റെ പ്രവചനം. ബിഎസ്പിയെക്കാള്‍ കുറഞ്ഞ സീറ്റുകള്‍ ലഭിക്കുന്ന ബിജെപി നിലംപരിശാവും – അതിന് ഞാന്‍ കാണുന്ന കാരണങ്ങളിതാണ്.

1. ഉത്തര്‍പ്രദേശ് പോലെയുള്ള ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ്. ഏതെങ്കിലും തരംഗമുണ്ടാവുമ്പോള്‍ മാത്രമാണ് ഇതിനു വിരുദ്ധമായി വല്ലതും സംഭവിക്കുക (2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ). ഇപ്പോള്‍ യുപിയില്‍ ഒരു തരംഗവും ദൃശ്യമല്ലാത്തതിനാല്‍ തന്നെ വോട്ടെടുപ്പ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാവും.

നോട്ട് നിരോധനം ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടാക്കുമായിരുന്നെങ്കിലും അത് വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്കായില്ല. സാധാരണക്കാരെയും കര്‍ഷകരെയുമാണ് നോട്ട് നിരോധനം ബാധിച്ചതെന്നതിനാല്‍ ഇത് ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ ദോശമുണ്ടാക്കുക.

2. ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് 30 ശതമാനം വോട്ടു മതി. 50 ശതമാനം ലഭിക്കണമെന്നില്ല

3. ബിജെപിയുടെ വോട്ടുബാങ്ക് 18 ശതമാനം വരുന്ന ബ്രാഹ്മിണ്‍, ക്ഷത്രിയ, വൈശ്യ വിഭാഗങ്ങളാണ്. 5-6 ശതമാനത്തോളം ഒബിസി വോട്ടുകളും പാര്‍ട്ടിക്ക് ലഭിച്ചേക്കാം. ഇതെല്ലാം കൂടി ചേര്‍ന്നാല്‍ പാര്‍ട്ടിക്ക് ലഭിക്കുക 26 ശതമാനത്തോളം വോട്ടുകളാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ട ചുരുങ്ങിയ 30 ശതമാനം വോട്ടുകള്‍ക്ക് ഇത് തികയില്ല. ഇതുകൂടാതെ ചുരുങ്ങിയത് 5 ശതമാനം വോട്ടുകളെങ്കിലും നോട്ട് നിരോധനം മൂലം പാര്‍ട്ടിക്ക് നഷ്ടമാകും. പലര്‍ക്കും നോട്ട് നിരോധനം മൂലം ജോലി നഷ്ടമാവുകയോ വലിയ പ്രതിസന്ധിയിലാവുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയെ ഡിജിറ്റല്‍ എക്കണോമിയാക്കണമെന്ന് കരുതുന്നവര്‍ ഇന്ത്യ അമേരിക്കയെയും യൂറോപ്പിനെയും പോലെ വികസിത രാഷ്ട്രമല്ലെന്ന് മനസിലാക്കിയില്ല. ഇത് കൊണ്ട് തന്നെ 20-21 ശതമാനം വോട്ടു മാത്രമെ ബിജെപിക്ക് ലഭിക്കൂ. ഇത് എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ക്ക് പിറകിലാക്കും ബിജെപിയെ.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വികസിത നായകനെന്ന പ്രതിച്ഛായയില്‍ യുവാക്കളുടെ വോട്ടുകള്‍ നേടാന്‍ മോദിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പഴയ അവസ്ഥയിലും പിറകോട്ടാണ്. മോദി മോഡല്‍ വികസനം രാജ്യത്തെമ്പാടും നാലു ലക്ഷത്തോളം ജോലികള്‍ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

4. എസ്.സി (20%), എസ്ടി(2%) വോട്ടുകളാണ് ബിഎസ്പിയുടെ വോട്ട് ബാങ്ക്. അതായത് 22 %

5. ഒബിസി വിഭാഗങ്ങളുടെ പിന്തുണയാണ് എസ്പിയുടെ കരുത്ത്. ഇത് 20-22 ശതമാനത്തോളം വരും. (30 ശതമാനത്തോളം ഒബിസി വിഭാഗക്കാര്‍ സംസ്ഥാനത്തുണ്ടെങ്കിലും അത് മുഴുവന്‍ ബിഎസ്പിക്ക് ലഭിക്കില്ല.)

6. കോണ്‍ഗ്രസിന് ഇപ്പോള്‍ സംസ്ഥാനത്ത് വോട്ടുബാങ്കുകളൊന്നുമില്ല. സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളിലെ അവസ്ഥയല്ല ഇപ്പോഴുള്ളത്. അക്കാലത്ത് എസ്.സി (22%), മുസ്ലിം (18%), ബ്രാഹ്മിണ്‍ (10-12)% വോട്ടുകളുമായി 50 ശതമാനത്തിലേറെ പിന്തുണയുണ്ടായിരുന്നു പാര്‍ട്ടിക്ക്. എന്നാല്‍ എസ്.സി വിഭാഗത്തിന് സ്വന്തമായി പാര്‍ട്ടിയുണ്ടായി. ബാബ്രി മസ്ജിദ് തകര്‍പ്പെട്ടതോടെ മുസ്ലിംകള്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു എസ്പിക്കൊപ്പം കൂടി. ബ്രാഹ്മിണരും മുന്നോക്ക വിഭാഗങ്ങളും ബിജെപിക്കൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസിന് പറയത്തക്ക വോട്ടുബാങ്കുകളൊന്നും ഇപ്പോള്‍ സംസ്ഥാനത്തില്ല.

7. സംസ്ഥാനത്ത് വിധി നിര്‍ണയിക്കുന്ന നിര്‍ണായക ഘടകം പിന്നെ മുസ്ലിം വോട്ടുകളാണ്. 18-19 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതെ ഇത്തവണ ബിജെപിയെ പ്രധാന ശത്രുവായാണ് കരുതുന്നത്. ഘര്‍വാപ്‌സി, മുസാഫര്‍ നഗര്‍, ഇഖ്‌ലാഖ് കൊലപാതകം, ബലാപൂര്‍ സംഭവം ഇവയൊക്കെ ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്ലിം വോട്ടുകളെ ഒത്തൊരുമിപ്പിക്കുമെന്നാണ് എന്റെ നിഗമനം.

8. മുസഫര്‍ നഗര്‍ സംഭവത്തിനു ശേഷം മുസ്ലിം വോട്ടുകള്‍ ബിഎസ്പിക്കൊപ്പം പോവുമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. എന്നാല്‍ എസ്പിയിലെ സംഭവ വികാസങ്ങളില്‍ അഖിലേഷ് ഉയര്‍ന്നു വന്നത് മുസ്ലിം വോട്ടുകള്‍ അദ്ദേഹത്തിന് പിന്നില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കും. ക്ലീന്‍ ഇമേജുള്ള അഖിലേഷ് ഇപ്പോള്‍ അച്ഛന്റെയും അമ്മാവന്റെയും ബന്ധനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രനാണ്.

9. ചിലര്‍ പറയുന്നത് എസ്പിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ്. എന്നാല്‍ ഇത് പാര്‍ട്ടിക്ക് ഗുണമാകുക. പിളര്‍പ്പുണ്ടെന്ന് പറയാമെങ്കിലും മഹാഭൂരിപക്ഷവും അഖിലേഷിനൊപ്പമാണ്. ക്ലീന്‍ ഇമേജുള്ള അഖിലേഷ് യുവത്വത്തിന്റെ കരുത്തില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ മറ്റൊരു മുഖമാണുള്ളത്.

10. ഉറച്ച 20-22 ഒബിസി വോട്ട്ബാങ്കിനൊപ്പം, 18-19 മുസ്ലിം വോട്ടുകളും ചേരുമ്പോള്‍ എസ്പിക്ക് 40 ശതമാനം വോട്ടുകളാവും. ഇത് എസ്പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്നെ നല്‍കിയേക്കാം.

ഇതിനു പുറമെ കോണ്‍ഗ്രസ്- എസ്പി സഖ്യമാവുകയാണെങ്കില്‍ മഹാഗത്ബന്ദന്‍ മുസ്ലിം വോട്ടുകള്‍ ആകര്‍ഷിക്കുകയും അത് എസ്പിയുടെ പ്രതീക്ഷയുയര്‍ത്തുകയും ചെയ്യും.