ലക്‌നൗ: ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. ഇതേതുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 11 പേരെ യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ അഞ്ച് പേര്‍ പരീക്ഷാര്‍ത്ഥികളാണ്.

സംസ്ഥാനത്ത് ഇന്ന് 364 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. െ്രെപമറി സ്‌കൂള്‍ അദ്ധ്യാപകനായ സച്ചിന്‍ ചൗധരിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ലക്ഷം രൂപയ്ക്ക് സംഘം ചോദ്യപേപ്പറുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിറ്റതായി അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ചൗധരിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. പരീക്ഷയുടെ 15 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയായിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പറുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലേതാണെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്.