വാഷിങ്ടണ്‍: പാകിസ്താന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം റദ്ദാക്കി അമേരിക്ക. തീവ്രവാദം തടയാന്‍ പാകിസ്താന്‍ ശക്തമായി പ്രവര്‍ത്തിക്കുന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു പിന്നാലെയാണ് യു.എസ് നടപടി.

യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വക്താവ് കോള്‍ റോബ് മാനിങാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി തിങ്കളാഴ്ചയാണ് ട്രംപ് വീണ്ടും രംഗത്തുവന്നത്. തീവ്രവാദം തടയാന്‍ പാകിസ്താന്‍ ഫ്‌ലപ്രദമായ നീക്കങ്ങള്‍ നടത്തുന്നില്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം.

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അല്‍ഖാഈദ നേതാവ് ഉസാമ ബിന്‍ ലാദന്‍ പാക് സൈന്യത്തിന്റെ സംരക്ഷണയിലായിരുന്നുവെന്ന ആരോപണവും ട്രംപ് ഉന്നയിച്ചിരുന്നു.

യു.എസില്‍ നിന്ന് സഹായം കൈപ്പറ്റി ഒന്നും ചെയ്യാതിരിക്കുന്ന രാഷ്ട്രമാണ് പാകിസ്താനെന്നും യു.എസില്‍ നിന്ന് പണം വാങ്ങി തിരിച്ചൊന്നും നല്‍കാത്ത ചുരുക്കം ചില രാഷ്ട്രങ്ങളില്‍ ഒന്നാണ് പാകിസ്താനെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നിരുന്നു.

തീവ്രവാദത്തിനെതിരെ പൊരുതാന്‍ പാകിസ്താന്‍ സഹായിച്ചതുപോലെ അമേരിക്കയെ മറ്റൊരു രാഷ്ട്രവും സഹായിച്ചിട്ടില്ലെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ മറുപടി.