ലക്‌നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കാവിവല്‍ക്കരണം സര്‍വ സീമകളും ലംഘിച്ച് പൊലീസിലുമെത്തുന്നു. യോഗിയുടെ സ്വന്തം നാടായ ഗൊരക്പൂരിലേക്ക് നിയമിതനായ എ.ഡി.ജി.പി ദേവാ ഷെര്‍പയാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. 2008 മുതല്‍ 2012 വരെ നാലു വര്‍ഷം സര്‍വീസില്‍ നിന്നും അവധിയെടുത്ത് ബി.ജെ.പിക്കു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയയാളാണ് ഷെര്‍പ. ഔദ്യോഗിക സര്‍വീസ് രേഖകള്‍ അനുസരിച്ച് 2008-12വരെ അവധി എടുക്കുകയും വൊളണ്ടറി റിട്ടയര്‍മെന്റിന് അദ്ദേഹം അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തിന് വി.ആര്‍.എസ് അനുവദിച്ചിരുന്നില്ല. അവധി എടുത്ത സമയത്ത് ഷെര്‍പ സ്വന്തം നാടായ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ ഗൂര്‍ഖലാന്റ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2009ല്‍ ഡാര്‍ജിലിങില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനിരുന്ന െഷര്‍പയെ അവസാന നിമിഷം മാറ്റിയാണ് ജസ്വന്ത് സിങിനെ മത്സരിപ്പിച്ചത്. ഇതേ തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് അഖില്‍ ഭാരതീയ ഗൂര്‍ഖ ലീഗില്‍ ചേരുകയും ചെയ്തു. ആറ് പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന ഷെര്‍പയെ 2012ല്‍ രാജ്‌നാഥ് യു.പി പൊലീസ് സര്‍വീസിലേക്ക് തിരിച്ചു കൊണ്ടു വരികയും ഡി.ഐ.ജിയായി 2013ല്‍ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. അതേ സമയം ഷെര്‍പയെ ഗോരക്പൂര്‍ എ.ഡി.ജി.പിയായി നിയമിച്ച നടപടിയെ മുന്‍ യു.പി പൊലീസ് തലവന്‍ വിക്രം സിങ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ സജീവമായ ഒരാള്‍ക്ക് അതേ സമയം തന്നെ ഐ.പി.എസുകാരനായി തുടരാനാവില്ലെന്നും ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവായ ഒരാള്‍ക്ക് പൊലീസ് സേനയില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ആശയങ്ങളെ പിന്തുടരുന്ന ഉദ്യോഗസ്ഥന്‍മാരെ മാത്രമാണ് യു.പിയില്‍ പ്രധാന ചുമതലകളില്‍ അവരോധിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങ് സജനും ആരോപിച്ചു. പ്രതിപക്ഷ സ്വരം അടിച്ചമര്‍ത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സെക്രട്ടറിയായിരുന്ന ഒരാളെ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ പുതിയ നിയമനത്തെ കുറിച്ചും അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് ഗുരുതരമായ വിഷയമാണെന്നും ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് വക്താവ് സീശാന്‍ ഹൈദര്‍ പറഞ്ഞു.