ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് ഗ്രാമസന്ദര്‍ശനത്തിന്റെ തലേന്ന് കുളിച്ച് വരാന്‍ സോപ്പ് വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഷിനഗര്‍ ജില്ലയിലെ മൈന്‍പൂര്‍ ദീനാപാട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട 100 മുസാഹര്‍ ദളിത് കുടുംബങ്ങളെ യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് മുന്നോടിയായി ലൈഫ്‌ബോയിയുടെയും ഗാരിയുടെയും രണ്ടു ബാര്‍ സോപ്പും ഷാമ്പുവും ദളിത് കുടുംബങ്ങളിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സന്ദര്‍ശനത്തിന് മുമ്പ് കുളിച്ചുവരാന്‍ നിര്‍ദേശം നല്‍കിയാണ് സോപ്പും ഷാമ്പുവും വിതരണം ചെയ്തതെന്നറിയുന്നു. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമല്ലേ എന്നാണ് ഗ്രാമവാസികളുടെ ചോദ്യം. യോഗിയുടെ സന്ദര്‍ശനം വെറും പ്രകടനം മാത്രമാണെന്നും മനസ്സില്‍ നിന്നും അയിത്തം മാഞ്ഞുപോയിട്ടില്ലെന്നും തെളിയിക്കുന്നതാണ് പുതിയ വാര്‍ത്ത. ദളിത് വീട് സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ചെന്ന് പ്രചരിപ്പിച്ച ബിജെപി നേതാവ് യെദ്യൂരപ്പ ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചതെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ ജാതിബോധം പുറത്തു കൊണ്ടു വന്ന പുതിയ റിപ്പോര്‍ട്ട് വരുന്നത്.

”അങ്കന്‍വാടിയിലെ ജീവനക്കാരിയാണ് സോപ്പ് നല്‍കിയത്. മറ്റു പലര്‍ക്കും ഷാമ്പുവും ലഭിച്ചെന്ന് പറയുന്നു. യോഗത്തിന് വരുന്നതിന് മുമ്പ് കുളിച്ചുവരാനായിരുന്നു നിര്‍ദേശം. സാധാരണ സോപ്പു ഉപയോഗിക്കുന്നവരാണ് ഞങ്ങള്‍. സോപ്പു വിതരണം ചെയ്തു എന്തു മാറ്റമാണ് ഇവര്‍ പ്രതീക്ഷിക്കുന്നതെ”ന്ന് 60 കാരിയായ കേശ്രി പറയുന്നു.
യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒട്ടേറെ ഒരുക്കങ്ങളാണ് ഗ്രാമത്തില്‍ നടക്കുന്നത്.