നാട്ടിക: വലപ്പാട് പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുസ്‌ലിംലീഗിന് അഭിമാനകരവും ചരിത്രപരവുമായ വിജയം. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പരാജയപ്പെട്ടുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള വിജയമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് മുസ്‌ലിംലീഗിന് ലഭിച്ചത്.

35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുസ്‌ലിംലീഗിന്റെ ഒരു സ്ഥാനാര്‍ഥി വലപ്പാട് പഞ്ചായത്തില്‍ വിജയ രഥത്തിലേറുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 1985ല്‍ കൂട്ടുങ്ങപ്പറമ്പില്‍ മുഹമ്മദ് സാഹിബാണ് അവസാനമായി വലപ്പാട് പഞ്ചായത്തില്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥിയായി വിജയിച്ചത്. അതിനു ശേഷം ഇതുവരെ സാന്നിധ്യമറിയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മൂന്നാം വാര്‍ഡില്‍ ഫുട്‌ബോള്‍ അടയാളത്തില്‍ ജനവിധി തേടിയ മുസ്‌ലിംലീഗിലെ സിജി സുരേഷാണ് 222 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെ തറപറ്റിച്ചത്. ഐക്യജനാധിപത്യ മുന്നണിയുടെ ഒത്തൊരുമയോടെയും, ഒറ്റക്കെട്ടായുമുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് യുഡിഎഫിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ ചരിത്ര വിജയം യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ആഹ്ലാദഭേരി മുഴക്കി കൊണ്ട് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള ജാഥ നടത്തിയും പഞ്ചായത്തിന്റെ പലയിടങ്ങളില്‍ പച്ച ലഡു വിതരണം ചെയ്തും ആഘോഷിച്ചു.