Video Stories

വന്ദേഭാരത് മംഗളൂരു വരെ നീട്ടണം; റെയില്‍വെ മന്ത്രിക്ക് കത്തയച്ച് വി.ഡി സതീശന്‍

By webdesk13

April 16, 2023

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്നും റെയില്‍വെ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈസ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിമിത റെയില്‍വെ സൗകര്യങ്ങളുള്ള ജില്ലയാണ് കാസര്‍കോടെന്നും കേരളത്തിന്റെ ഭാഗമായതിനാല്‍ ജില്ലയെ അവഗണിക്കരുതെന്നും വി.ഡി സതീശന്‍ കത്തില്‍ സൂചിപ്പിച്ചു.

കര്‍ണാടകയുമായി ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ജില്ലയായതിനാല്‍ വന്ദേഭാരത് മംഗളൂരു വരെ നീട്ടുന്നത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ റെയില്‍പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെട്ടപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.