തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കേസില്‍ പ്രതിയാക്കില്ല. ജോര്‍ജിനെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ പൊലീസിന്റെ കൈവശമില്ലെന്ന ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വകുപ്പുതല നടപടി മാത്രം മതിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം.

കേസില്‍ പ്രതികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണസംഘം ജോര്‍ജിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജോര്‍ജിനെതിരെ ഒരു ഡി.വൈ.എസ്.പി അടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാര്‍ത്തകളും മാത്രമാണ് അന്വേഷണസംഘത്തിന്റെ കയ്യിലുള്ള തെളിവുകള്‍.

എ.വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടില്‍ നിന്ന് രാത്രി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ ക്രൂരമായി മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നത്.