തിരുവനന്തപുരം: സഹോദരന്‍ ശ്രീജിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീജിത്ത് സമരം തുടരും. സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതുവരെ നിരാഹാരമനുഷ്ഠിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പ്രതിസ്ഥാനത്ത് പൊലീസുകാര്‍ ആയതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ഉറപ്പുനല്‍കിയതാണ്. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ശ്രീജിത്ത് പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐയുടെ നിലപാട് ആരാഞ്ഞിട്ടുണ്ട്. ഇതിനുള്ള സി.ബി.ഐയുടെ മറുപടി അടുത്തദിവസം തന്നെ ഹൈക്കോടതിക്ക് ലഭിച്ചേക്കും. അതുവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ കഴിഞ്ഞദിവസം സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിക്കട്ടെ എന്ന നിലപാടിലാണ് ശ്രീജിത്ത്. സി.ബി.ഐയുടെ ഏത് യൂണിറ്റിനാണ് അന്വേഷണ ചുമതലയെന്ന് വ്യക്തമായശേഷം അന്വേഷണത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിക്കുമ്പോള്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത് ആവര്‍ത്തിക്കുന്നു. സമരം സോഷ്യമീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ആരംഭിച്ചിരുന്നു.

യു.ഡി.എഫ് എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ആഭ്യന്തര സഹമന്ത്രിയെയും സന്ദര്‍ശിച്ച് വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്മതിച്ചെന്ന കാര്യം ഇരു എം.പിമാരും ശ്രീജിത്തിനെയും കുടുംബത്തെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സമരം നടത്തുന്ന ശ്രീജിത്തും കുടുംബവും സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും സി.ബി.ഐ അന്വേഷണമെന്ന നിലപാടില്‍ ശ്രീജിത്തും കൂട്ടായ്മയും ഉറച്ചുനിന്നു. ഇതോടെ സര്‍ക്കാറും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.