ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവാദ ചെമ്പുശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മാതൃസ്ഥാപനമായ വേദാന്ത. കമ്പനി അടച്ചു പൂട്ടാനോ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനോ ആലോചിക്കുന്നില്ലെന്ന് വേദാന്തയുടെ ഇന്ത്യാ കോപ്പര്‍ ബിസിനസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് പി രാംനാഥ് പറഞ്ഞു.

പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് ഫാക്ടറി അടച്ച്പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികള്‍ നടത്തുന്ന സമരം അക്രമാസക്തമായതിനെതുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതോടെ, എല്ലാവിധ നവീകരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനിടെ വിലക്ക് മറികടന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇടപെട്ട് വിഛേദിച്ചിട്ടുണ്ട്. എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ രഹസ്യ നീക്കം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് രാംനാഥ് തള്ളിക്കളഞ്ഞു. പ്ലാന്റ് കഴിഞ്ഞ നാലു മാസമായി അടച്ചിട്ടിരിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണിത്. നാലു വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കാറുണ്ട്. സ്ഥാപിത ശേഷി വര്‍ധിപ്പിച്ച് എത്രയും വേഗം പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.

നിയമപരമായ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനും ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിനും കമ്പനി ശ്രമം തുടരുകയാണ്. എത്രയും വേഗം ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിയമ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനൊപ്പം തന്നെ പ്രദേശ വാസികളെക്കൂടി വിശ്വാസത്തിലെടുത്ത് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനാണ് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ നിര്‍ദേശമെന്നും രാംനാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം കമ്പനി പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുണ്ടെന്ന പ്രദേശ വാസികളുടെ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കാന്‍ രാംനാഥ് കൂട്ടാക്കിയില്ല.

പദ്ധതി പ്രദേശത്ത് നടക്കുന്ന സമാധാനപരമായ സമരത്തിന്റെ നൂറാം ദിനത്തില്‍ 20,000ത്തോളം പേര്‍ തൂത്തുക്കുടി കലക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് പൊലീസ് വെടിവെപ്പുണ്ടായത്.
രണ്ടര ലക്ഷം ടണ്‍ ആണ് തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് ഫാക്ടറിയുടെ നിലവിലെ പ്രതിവര്‍ഷ ഉത്പാദന ശേഷി. ഇത് 2019ഓടെ നാലു ലക്ഷം ടണ്‍ ആക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് കമ്പനി അവകാശപ്പെട്ടു.