കോഴിക്കോട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ ലോറി, മിനിലോറി, ടിപ്പര്‍ എന്നിവ പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

ഇന്ധനവിലയില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വാടക വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്താന്‍ കഴിയില്ല. വാടക വര്‍ധിപ്പിച്ചാല്‍ അവശ്യസാധനങ്ങളുടെയും നിര്‍മാണ സാമഗ്രികളുടെയും വിലക്കയറ്റത്തിന് കാരണമാവും. ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ജനുവരി 24ന് വാഹന പണിമുടക്ക് നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂനിയനുകളും ഗതാഗത മേഖലയിലെ തൊഴിലുടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നതെന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.
റോഡ് ഗതാഗത മേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിനു മോട്ടോര്‍ തൊഴിലാളികളെയും തൊഴിലുടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.