താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ അമിതഭാരമുള്ള ചരക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നത് കര്‍ശനമാക്കാന്‍ അടിവാരത്ത് താല്‍ക്കാലിക പൊലീസ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്നലെ താമരശ്ശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പു മേധാവികളുടെ യോഗതീരുമാനപ്രകാരമാണിത്. അവധിദിവസവും ക്രിസ്തുമസ് അടക്കമുള്ള വിശേഷദിവസവും വന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ചുരത്തിലെ തകര്‍ന്ന വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായിരുന്നു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ കുടുങ്ങി കുരുക്ക് രൂക്ഷമാവുന്നത് മനസിലാക്കിയാണ് നേരത്തെ ഓവര്‍ലോഡ് വാഹനങ്ങളും ടോറസ്, കണ്ടെയിനര്‍ ലോറികള്‍ നിരോധിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ചുരത്തില്‍ നിരോധിത വാഹനങ്ങള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ആവശ്യത്തിന് പൊലീസ് ഇല്ലാത്തതിനാല്‍ ചുരത്തിലെ വാഹന പരിശോധന കാര്യക്ഷമമായിരുന്നില്ല. റോഡ് റീടാറിംഗ് ചെയ്ത് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കുന്നതുവരെ നിരോധനം തുടരും. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കര്‍ശനമായി തടയാന്‍ ചെക്ക്‌പോസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കും. ചെക്ക്‌പോസ്റ്റുകളില്‍ ഇതു സംബന്ധിച്ച പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
താമരശ്ശേരി താലൂക്കില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു. വി. ജോസ് , വയനാട് എ. ഡി. എം കെ. എം രാജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി താമരശ്ശേരി- വൈത്തിരി തഹസില്‍ദാര്‍മാരായ മുഹമ്മദ് റഫീഖ് , ലാന്റ് റവന്യൂ വിഭാഗം തഹസില്‍ദാര്‍ എ.പി ഗീതാമണി, വി.എസ് വിജയകുമാര്‍, താമരശ്ശേരി ഡി.വൈ.എസ്.പി പി.സി സജീവന്‍, ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.വിനയരാജ്, ഡി.എഫ്.ഒ സുനില്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍, സെക്രട്ടറി പി. പി രാജന്‍, അസി.എക്‌സി.എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, വയനാട് ജോയിന്റ് ആര്‍. ടി. ഒ എസ് . മനോജ്, കൊടുവള്ളി എം. വി. ഐ വി. വി ഫ്രാന്‍സിസ്, ട്രാഫിക് എസ്. ഐ സി. അബ്ദുല്‍ മജീദ്, താമരശ്ശേരി എസ്. ഐ സായൂജ്കുമാര്‍, ഡി. ടി. പി. സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.