കരാക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു.

ഇന്നലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. വെനസ്വേലന്‍ തലസ്ഥാന നഗരമായ കരാക്കസിലാണ് സംഭവം. മെല്‍വിന്‍ ഗ്വയിറ്റന്‍ എന്നയാളാണ് പ്രതിഷേധക്കാര്‍ക്കു നേരെ ഉണ്ടായ വെടിവയ്പിനിടെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇതോടെ പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മരണമടഞ്ഞവരുടെ എണ്ണം 10 ആയി.

പ്രസിഡന്റ് നിക്കോളസ് മഡുറോ രാജിവെക്കുക, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, ജയിലില്‍ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. ഇതുവരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ 250ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും 585പേര്‍ അറസ്റ്റിലായതായുമാണ് വിവരങ്ങള്‍.