ന്യൂഡല്‍ഹി: വിദ്വേഷ, ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേശീയ വാദികളെന്ന് അവകാശപ്പെടാനാവില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആള്‍ക്കൂട്ട മര്‍ദ്ദനം പോലുള്ള സാമൂഹ്യ തിന്‍മകളെ തടയാന്‍ നിയമം കൊണ്ട് മാത്രം സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. സമൂഹത്തിന് മാറ്റം അനിവാര്യമാണ്. ഈ പാര്‍ട്ടി അല്ലെങ്കില്‍ ആ പാര്‍ട്ടി എന്ന കാരണം കൊണ്ട് ആള്‍ക്കൂട്ട കൊല പാടില്ല. ഏതെങ്കിലും പാര്‍ട്ടിയെ ചേര്‍ത്താണ് ഇത്തരം തിന്‍മകള്‍ നടക്കുന്നതെങ്കില്‍ ആ നിമിഷം നിങ്ങള്‍ക്ക് അതിന്റെ കാരണം നഷ്ടമായി. ഇതാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് പുതിയ സംഭവമല്ലെന്നും മുമ്പും നടന്നിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇത് സമൂഹത്തിന്റെ സ്വഭാവമാണ്, മാറേണ്ടിയിരിക്കുന്നു. നിങ്ങള്‍ മറ്റൊരാളെ കൊന്നാല്‍ എങ്ങിനെ നിങ്ങള്‍ക്ക് ദേശീയ വാദിയെന്ന് പറയാനാവും. മതം, ജാതി, നിറം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോടും വിവേചനം പാടില്ല. ദേശീയ വാദത്തിനും ഭാരത് മാതാ കീ ജയ് എന്ന് പറയുന്നതിനും വിശാല അര്‍ത്ഥമാണുള്ളതെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രവണതകളെ നിയമത്തിന്റെ പശ്ചാതലത്തില്‍ മാത്രം മാറ്റാനാവില്ല. സമൂഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമാണ് വേണ്ടത്. രാജ്യത്ത് പശുവിന്റെ പേരിലുള്ള ഗോരക്ഷാ ഗുണ്ടാ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആള്‍ക്കൂട്ട കൊലക്കെതിരെ കോണ്‍ഗ്രസ് അടക്കം നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ ഇക്കാര്യത്തിലുള്ള വിമര്‍ശം പുറത്തു വരുന്നത്.