തിരുവനന്തപുരം: വിതുര കേസില്‍ നടന്‍ ജഗതിയെ കുടുക്കിയത് ഒരു പൊലീസുകാരനാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ ശോഭ. വനിത മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് ശോഭ വെളിപ്പെടുത്തല്‍ നടത്തിയത്.

അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ജഗതിയെ കേസില്‍ കുടുക്കിയതെന്നാണ് ശോഭ പറയുന്നത്.

കള്ളക്കേസാണെന്നാണ് സംഭവത്തെക്കുറിച്ച് ജഗതി തന്നോട് പറഞ്ഞത്. അത് പൂര്‍ണവിശ്വാസവുമായിരുന്നു. അടുത്തിടെ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനാണ് അന്ന് അദ്ദേഹത്തെ കുടുക്കിയത്, ശോഭ പറയുന്നു.

ശോഭയുടെ വാക്കുകള്‍:

‘വിതുര കേസില്‍ പ്രതിയായപ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞു, ഇത് കള്ളക്കേസാണ്. അത് എനിക്ക് പൂര്‍ണ വിശ്വാസമായിരുന്നു.

നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍, എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ക്കുകയായിരുന്നു.

മലയാളത്തിലെ മുന്‍നിരയിലുള്ള സിനിമാ താരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട്് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സമീപിച്ചിരുന്നു.

ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം 27-ാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടുവന്നത്. കൈക്കൂലി ചോദിച്ച പണത്തേക്കാള്‍ കൂടുതല്‍ തുക കേസ് നടത്താന്‍ ചെലവായി. എന്നാല്‍ സത്യം തെളിഞ്ഞതിനാല്‍ ആശ്വാസമുണ്ടെന്നും ശോഭ പറയുന്നു.