ഡല്‍ഹി: പ്രമുഖ മദ്യ വ്യവസായ കമ്പനിയായ കിങ് ഫിഷര്‍ ഉടമ വിജയ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫെറ കേസില്‍ ഡല്‍ഹി കോടതിയില്‍ ഹാജരാവാന്‍ മല്ല്യയോട് കോടതി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയ്യാറാവത്തതിനെ തുടര്‍ന്നാണ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്.

 

കഴിഞ്ഞ ഏപ്രില്‍ 12 നു കോടതി മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ യു.കെ യില്‍ അഭയം തേടിയ മല്ല്യ കോടതിയുടെ ആവര്‍ത്തിച്ചുള്ള സമന്‍സുകള്‍ കൈപറ്റാതിരിക്കുകയും കോടതിക്ക് മുന്നില്‍ ഹാജരാകാനുള്ള ഉത്തരവ് ലംഘിക്കുകയും ചെയ്തതോടെ മല്ല്യയെ കുറ്റക്കാരനായി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക്ക് ഷെരാവത് പ്രഖ്യാപിക്കുകയായിരുന്നു. ഉത്തരവില്‍ പറഞ്ഞു.

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത് തിരിച്ചടിക്കാത്ത മല്ല്യ ലണ്ടനിലും യൂറോപ്പിലുമായി നടന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനിടെ കിങ്ഫിഷര്‍ കമ്പനിയുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്നതിനു ബ്രിട്ടീഷ് കമ്പനിക്കു 2,00000 ഡോളര്‍ നല്‍കിയതിനാണ് മല്ല്യക്കെതിരെ ഫെറ നിയമപ്രകാരം കേസുള്ളത്. ആര്‍.ബി.ഐയുടെ അനുമതിയില്ലാതെയാണ് ഈ ഇടപാട് നടന്നിരിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

കേസില്‍ മല്ല്യ നേരിട്ട് ഹാജരായി കോടതി നടപടികള്‍ നേരിടണം എന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ മല്ല്യ ഇതുവരെയും തയ്യാറായിട്ടില്ല.
കേസ് ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2014 നവംബര്‍ നാലിന് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കവേ , രാജ്യത്തിന്റെ നിയമത്തിനു മല്യ പുല്ലു വിലയാണ് കല്പിക്കുന്നതെന്നു കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നടപടി മല്യക്കെതിരെ കൈക്കൊള്ളണമെന്നും കോടതി അറീയിച്ചിരുന്നു.

നേരത്തെ തന്റെ പാസ്‌പോര്ട്ട് ഇന്ത്യ റദ്ദാക്കിയതാണ് ഇന്ത്യയിലെത്താനുള്ള തടസമെന്ന് മല്ല്യ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്.

തുടര്‍ന്ന് സെപ്റ്റംബര്‍ ഒമ്പതിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ് നല്‍കി. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെനിറ്റന്‍ ഫോര്‍മുല ലിമിറ്റഡ് എന്ന കമ്പനിയുമായി നടന്ന ഇടപാടില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നാല് തവണ മല്ല്യയോട് ആവശ്യപ്പെട്ടിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മല്ല്യ ഇത് ചെവികൊള്ളാതിരുന്ന സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയും ഫെറ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതും.