ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് രാജ്യത്തെമ്പാടും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജയ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനും വിജയ്‌യുടെ ബിജെപി വിരുദ്ധ നിലപാടുകള്‍ക്കുമുള്ള പ്രതികാരനടപടിയാണ് റെയ്ഡിനെ പലരും കണ്ടത്. എന്നാല്‍ റെയ്ഡില്‍ വിജയ്‌ക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയ വിജയ് ആരാധകരോടൊപ്പം എടുത്ത സെല്‍ഫി അന്നേ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ആ സെല്‍ഫി.

2020 ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടമാണ് ഈ സെല്‍ഫി നേടിയിരിക്കുന്നത്. 1,58,000 റീട്വീറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. നെയ്‌വേലിയില്‍ വെച്ചായിരുന്നു പ്രശസ്തമായ ആ സെല്‍ഫി. ‘താങ്ക്യു നെയ്‌വേലി’ എന്നു മാത്രം ആയിരുന്നു ട്വീറ്റിനൊപ്പമുള്ള അടിക്കുറിപ്പ്.