ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ വിരാത് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 19 സെഞ്ചുറികളെന്ന നേട്ടം കോലിക്ക് സ്വന്തമാവും. ഒപ്പം ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ സെഞ്ചുറികളടിച്ചവരില്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പം കോലിയെത്തും.

വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയാല്‍ കോലിക്കും പോണ്ടിംഗിനും 19 സെഞ്ചുറികള്‍ വീതമാവും.ക്യാപ്റ്റനെന്ന നിലയില്‍ 25 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് കോലിക്കും പോണ്ടിംഗിനും മുന്നില്‍ ഒന്നാം സ്ഥാനത്തുള്ളത്. കളിക്കാരനെന്ന നിലയില്‍ കരിയറില്‍ ആകെ 25 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.

ഇതില്‍ 18 എണ്ണവും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തശേഷമമായിരുന്നു. 25 സെഞ്ചുറികളില്‍ ആറെണ്ണം ഇരട്ട സെഞ്ചുറികളായിരുന്നു. ടി20, ഏകദിന പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇന്ത്യ വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.