തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. 13 പ്രതികള്‍ വിഷ്ണു വധക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ 13-ാം പ്രതിക്ക് മാത്രം ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. അതേസമയം രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നിരപരാധികളെ പ്രതിയാക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. ശിക്ഷയെകുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികള്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധിപ്പിച്ചു. ശിക്ഷാ കാലാവധി തിരുവനന്തപുരത്തെ ജയിയില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, അരുണ്‍കുമാര്‍ എന്ന ഷൈജുവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കേസില്‍ 77 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 162 രേഖകളും 65 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
സിപിഎം പ്രവര്‍ത്തകനായ വിഷ്ണു 2008 ഏപ്രില്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. കേസിലെ മൂന്നാം പ്രതി രഞ്ജിത്ത് സംഭവം നടന്ന് എട്ടു മാസങ്ങള്‍ക്കു ശേഷം കൊല്ലപ്പെട്ടിരുന്നു.