തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. വഴുതക്കാട്ടുള്ള വീട്ടിലായിരുന്നു അന്ത്യം.

ഒട്ടേറെ കവിതാ സമാഹാരങ്ങളും ഏതാനും നിരൂപണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള വിഷ്ണുനാരായണന്‍ നമ്പൂതിരി പതിറ്റാണ്ടുകളോളം മലയാള സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2014ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചു.