ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്‍ ജുമാ നിസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുടെ പോസ്റ്റും വന്നു. ഒരു സമൂഹത്തെ, ഒരു സമുദായത്തെ ഇത്ര മാത്രം അപരവല്‍ക്കരിക്കുന്ന, കുറ്റവാളിയാക്കി പതിച്ചു നല്‍കുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കു ഗെയില്‍ പദ്ധതിയെ എത്തിച്ചത് ആരാണ്?

എങ്ങനെയാണ് ഇത്രയും ഗ്രാമീണര്‍ ഒരു പദ്ധതിക്കെതിരെ ഒരുമിച്ചു വരുന്നത് ?
ഇതൊക്കെ ആദ്യം ജനങ്ങളിലേക്കെത്തിച്ചത് യാതൊരു ജനകീയതയുമില്ലാത്ത ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും ആണെന്നാണോ കരുതുന്നത് ?
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് സി.പി.എം ബുദ്ധിജീവികളും സി.പി.എം മുഖപത്രവും കൂടി നടത്തിയ നിരന്തര പ്രയത്‌നത്തിന്റെ കൂടി ഫലമാണ് ഈ ഭയനിര്‍മ്മിതി, ദേശാഭിമാനി ഒക്കെ എഴുതി വിട്ട ലേഖനങ്ങളിലെ ‘വാതക ബോംബ് ‘ പോലെയുള്ള പ്രയോഗങ്ങള്‍ ഒരു സാധാരണക്കാരനെ എത്ര മാത്രം ഭയപ്പെടുത്തുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.

ദേശാഭിമാനിയും പി രാജീവനും പിന്നെ ലോക്കല്‍ ഐഐ.പി.എം നേതാക്കളുമെല്ലാം തുടങ്ങി വെച്ച് , ആഴത്തില്‍ വേരാഴ്ത്തിയ മസ്തിഷ്‌ക പ്രക്ഷാളനമാണ് ഇന്ന് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും തുടര്‍ന്ന് ഏറ്റെടുക്കുന്നത് . താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി സി.പി.എമ്മിന്റെ ‘വെടക്കാക്കി തനിക്കാക്കല്‍’ ഗെയിമിന്റെ ഇരകള്‍ ആണ് ആന്റി ഗെയില്‍ സമരത്തിലെ ജനങ്ങള്‍, അത് ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള മാന്യത എങ്കിലും ഇടതു ഗവണ്മെന്റ് കാണിക്കണം , അതല്ലാതെ പള്ളിയില്‍ കലാപത്തിന് ആളെ കൂട്ടുന്നു എന്നൊക്കെ പ്രചരിപ്പിച്ചു സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയല്ല വേണ്ടത്.