ചെന്നൈ: ബാഡ്മിന്റണ്‍ താരം ജ്വാലാഗുട്ടയെ ജന്‍മദിനത്തില്‍ പ്രൊപ്പോസ് ചെയ്ത് തമിഴ് നടന്‍ വിഷ്ണു വിശാല്‍. ജ്വാലാഗുട്ടയുടെ 37-ാം പിറന്നാള്‍ ദിനത്തിലാണ് വിഷ്ണുവിശാലിന്റെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം. വിവാഹനിശ്ചയ മോതിരം നല്‍കുന്ന ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതോടെ ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി രംഗത്തെത്തി.

‘ജന്മദിനാശംസകള്‍ ജ്വാലാഗുട്ട. ജീവിതത്തിന്റെ പുതിയ തുടക്കമാണിത്. നമുക്കും നമ്മുടെ ചുറ്റിലുള്ളവര്‍ക്കും വേണ്ടി നല്ല ഭാവിയിലേക്കായി നമുക്ക് പ്രവര്‍ത്തിക്കാം..നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും ഉണ്ടാവണം. പുതിയ തുടക്കങ്ങളാണ്. ഈ അര്‍ദ്ധരാത്രിയിലും ഒരു മോതിരം ഏര്‍പ്പാടാക്കിത്തന്നതിന് നന്ദി’-വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇവര്‍ പങ്കുവെക്കാറുണ്ട്.

‘എന്നെ സംബന്ധിച്ചിടത്തോളം പ്രണയം വിവാഹത്തെപ്പറ്റിയാണ്, ആ അധ്യായം അവസാനിച്ചു. എന്റേത് ഒരു പ്രണയ വിവാഹമായിരുന്നു, ഞങ്ങള്‍ ഏകദേശം 11 വര്‍ഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. വേര്‍പിരിയലിനുശേഷം ഞാന്‍ ജ്വാലയെ കണ്ടുമുട്ടി. ഞാന്‍ അവളുമായി ധാരാളം സമയം ചെലവഴിക്കാന്‍ തുടങ്ങി. അവള്‍ വളരെ പോസിറ്റീവ് ആയ ഒരു വ്യക്തിയാണ്, അതാണ് എനിക്ക് അവളോട് ഇഷ്ടം. അവളും ജീവിതത്തില്‍ ഒരു വേര്‍പിരിയലിലൂടെ കടന്നുപോയിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസ്സിലാക്കി, ഇപ്പോള്‍ നല്ലരീതിയില്‍ മുന്നോട്ട് പോവുന്നു’-ഇന്ത്യ ടുഡേക്ക്  നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിഷ്ണു വിശാല്‍ പറഞ്ഞിരുന്നു.

ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹത്തെക്കുറിച്ച് ഒന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊറോണ ആശങ്ക നീങ്ങുന്നതോടെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. രഞ്ജിനി നടരാജുമായുള്ള വിഷ്ണു വിശാലിന്റെ ബന്ധം 2018-ലാണ് അവസാനിക്കുന്നത്. ഇവര്‍ക്ക് ആര്യന്‍ എന്ന പേരിലൊരു മകനുണ്ട്. ചേതന്‍ ആനന്ദിനെ വിവാഹം കഴിച്ച ജ്വാലാഗുട്ട 2011-ലാണ് ബന്ധം വേര്‍പിരിയുന്നത്.