ചെന്നൈ: തമിഴ് നടി ചിത്ര വി.ജെ തൂങ്ങിമരിച്ചതാണെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. അതിനിടെ മകളെ പ്രതിശ്രുതവരന്‍ ഹേംനാഥ് അടിച്ചുകൊന്നതാണെന്നു കുടുംബം ആരോപിച്ചു. ചിത്രയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും.

കില്‍പോക് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയോടെയാണു കോട്ടൂര്‍പുരത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു പേര്‍ ആദരാഞ്ജലിയുമായി വീട്ടിലെത്തി. ആത്മഹത്യയാണെന്നും സില്‍ക്ക് സാരിയില്‍ തൂങ്ങിയെന്ന നിഗമനത്തിലാണു പൊലീസ്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. മുഖത്തുണ്ടായ മുറിവുകള്‍ മരണ വെപ്രാളത്തില്‍ ഉണ്ടായതാണെന്നു സര്‍ജന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ മകളെ ഹേംനാഥ് അടിച്ചു കൊന്നതാണെന്നു ചിത്രയുടെ അമ്മ ആരോപിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. ചിത്രയുടെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരെ ചോദ്യം ചെയ്യും. പ്രതിശ്രുതവരന്‍ ഹേംനാഥിനെ ഇന്നലെ വൈകിയാണു പൊലീസ് വിട്ടയച്ചത്. ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
അതിനിടെ ചിത്രയുടെയും ഹേംനാഥിന്റെയും ബന്ധത്തെ കുറിച്ചു ബന്ധുക്കളില്‍ ചിലരും സംശയമുന്നയിച്ചു രംഗത്തെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണു തമിഴ് സീരിയല്‍ രംഗത്തെ മുന്‍നിര നടിയായ ചിത്രയെ നഗരത്തിനു പുറത്തുള്ള നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഹേംനാഥിനെ പുറത്തുനിര്‍ത്തി കുളിക്കാനായി റൂമിലേക്കുപോയ നടി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തിനെ തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു തുറന്നുനോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.