കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ സെന്ററില്‍ യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഇത്തരം വിഷയത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനം ഉപേക്ഷിക്കണമെന്നും അടിയന്തിരമായി ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു. മീഡിയാവണ്‍ ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാര്‍ കുറ്റകരമായ മൗനം വെടിയണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിന് സമാനമായ കാര്യങ്ങളാണ് തൃപ്പൂണിത്തറ കണ്ടനാട് യോഗ കേന്ദ്രത്തില്‍ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗും ആവശ്യപ്പെട്ടു.

സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയതോടെ കണ്ടനാട് യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു. അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡനമേറ്റുവാങ്ങി രക്ഷപെട്ട യുവതിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് യോഗ സെന്ററില്‍ പോലീസെത്തി മൊഴി രേഖപ്പെടുത്തുകയാണ്.