ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവിനും ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ തയാറെടുക്കുന്നു. ദീപാവലിക്കു മുന്നോടിയായി വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന കോംപാക്ട് എസ് യുവിയായ ടൈഗുണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം.ഇന്ത്യയ്ക്കായി ആവിഷ്‌കരിച്ച ‘ഇന്ത്യ 2.0′ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം രണ്ടു മോഡല്‍ അവതരണങ്ങളാണു ഫോക്‌സ്വാഗന്‍ നടത്തിയത്. പദ്ധതി പ്രകാരം 100 കോടി യൂറോ(8798.39 കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കമ്പനി ഇക്കൊല്ലം 15 പുതിയ ടച് പോയിന്റുകള്‍ തുറക്കുമെന്നും ഫോക്‌സ്വാഗന്‍ പാസഞ്ചര്‍ കാഴ്‌സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വെളിപ്പെടുത്തി.

എം ക്യു ബി – എ സീറൊ’ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടൈഗുണിന്റെ വര്‍ഷമാവും 2021 എന്നാണു ഗുപ്തയുടെ വിലയിരുത്തല്‍. ഇന്ത്യയിലെ ഫോക്‌സ്വാഗനെ സംബന്ധിച്ചിടത്തോളം ടൈഗുണിന്റെ വിജയം അതീവ നിര്‍ണായകമാണെന്നും അദ്ദേഹം കരുതുന്നു. ഇറക്കുമതി ചെയ്യുന്നതിനാല്‍ ‘ടൈഗുണി’ന് 20 ലക്ഷം രൂപയോളമാണു വില പ്രതീക്ഷിക്കുന്നത്. എസ് യു വി വിപണിയില്‍ ഹ്യുണ്ടേയ് ‘ക്രേറ്റ’, കിയ ‘സെല്‍റ്റോസ്’, എം ജി ‘ഹെക്ടര്‍’, ടാറ്റ ‘ഹാരിയര്‍’ തുടങ്ങിയവയോടാവും ‘ടൈഗുണി’ന്റെ പോരാട്ടം.

ഇപ്പോള്‍ നാലു മോഡലുകള്‍ മാത്രമാണു ഫോക്‌സ്‌വാഗന്റെ ഇന്ത്യന്‍ ശ്രേണിയിലുള്ളത്. ഹാച്ച്ബാക്കായ പോളൊ, സെഡാനായ വെന്റൊ, അഞ്ചു സീറ്റുള്ള എസ്യുവിയായ ടി – റോക്, ഏഴു സീറ്റുള്ള എസ്യുവിയായ ടിഗ്വന്‍ ഓള്‍ സ്‌പേസ്. ഇന്ത്യയില്‍ ഹോമൊലൊഗേഷന്‍ നടത്താതെ പ്രതിവര്‍ഷം 2,500 യൂണിറ്റ് വരെ ഇറക്കുമതി ചെയ്തു വില്‍ക്കാമെന്ന വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണു ഫോക്‌സ്‌വാഗന്‍
അടക്കമുള്ള വിവിധ നിര്‍മാതാക്കള്‍ വിദേശത്തു നിര്‍മിച്ച കാറുകള്‍ അവതരിപ്പിക്കുന്നത്.