ഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പദ്ധതി തയാറാക്കുന്നു. ഇക്കാര്യം ആലോചനാ ഘട്ടത്തിലാണെന്ന്, കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രിന്റ് ചെയ്ത കാര്‍ഡ് നല്‍കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാവുന്ന തരം ഡിജിറ്റല്‍ കാര്‍ഡുകള്‍ നല്‍കാനാണ് ആലോചന. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നുണ്ട്.

മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഡിജിറ്റല്‍ രൂപത്തിലോ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി അതിവേഗം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ ഉള്ള എല്ലാവര്‍ക്കും പ്രിന്റ് ചെയ്ത കാര്‍ഡ് ആണ് നിലവില്‍ കമ്മിഷന്‍ നല്‍കുന്നത്.

1993ലാണ് രാജ്യത്ത് തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് പ്രാബല്യത്തില്‍ വന്നത്. വ്യക്തിയെ തിരിച്ചറിയുന്നതിനും വിലാസം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുമായെല്ലാം ചര്‍ച്ച ചെയ്ത ശേഷമേ ഡിജിറ്റല്‍ രൂപത്തില്‍ കാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഡിജിറ്റല്‍ കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ പ്രധാനമാണ്. ഇതെല്ലാം കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.