തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമവോട്ടര്‍പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കുകയായിരുന്നു. പുതുതായി ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ഇനി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കില്ല. നവംബര്‍ 10ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഏതാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചത്.

സംവരണമണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികളിലും 5 ഗ്രമാപഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് സംവരണ മണ്ഡലങ്ങളില്‍ മാറ്റം വരിക.