X

ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ നോക്കുകുത്തി തന്നെ സര്‍ക്കാര്‍ ചെലവാക്കുന്നത് കോടികള്‍ മൂന്ന് വര്‍ഷത്തിനിടെ സമര്‍പ്പിച്ചത് മൂന്ന് റിപ്പോര്‍ട്ട് ഒരു നിര്‍ദേശം പോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല


അഷ്‌റഫ് തൈവളപ്പ്
കൊച്ചി

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധികാരം നല്‍കാനായി മാത്രം ഇടതു സര്‍ക്കാര്‍ നിയമിച്ച ഭരണ പരിഷ്‌ക്കരണ കമ്മീഷനെതിരെ ഭരണ കക്ഷിയില്‍ നിന്ന് തന്നെ എതിര്‍സ്വരമുണ്ടായത് സ്വാഭാവികം. വി.എസ് അധ്യക്ഷനായ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നതാണ് കമ്മീഷന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ‘പ്രവര്‍ത്തനം’. സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ ഒരു പ്രയോജനവുമില്ലാത്ത കമ്മീഷന് വേണ്ടി കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാനായ വി.എസ് അച്യുതാനന്ദന്‍ മാത്രം ശമ്പളത്തിന്റെയും ആനുകൂല്യത്തിന്റെയും പേരില്‍ ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൈപറ്റിയിട്ടുണ്ട്. ആയിരം രൂപയാണ് വി.എസിന്റെ ആകെ പ്രതിമാസം ശമ്പളമെങ്കിലും ഡി.എ-1000, നിയോജക മണ്ഡലം ബത്ത-12,000, ഇന്ധനചെലവിനായി 10,500 എന്നിവയും യാത്രാബത്തയും വേറെ ലഭിക്കും. ഇതിനെല്ലാം പുറമേ കാബിനറ്റ് പദവിയുള്ളതിനാല്‍ മന്ത്രിമാര്‍ക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളുമുണ്ട്.
ഏറെ വിവാദങ്ങള്‍ ശേഷം 2016 ആഗസ്ത് 18നാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനായി വി.എസ് ചുമതലയേറ്റത്. എം.എല്‍.എയായ വി.എസിന് കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കുന്നതിന് 1951ലെ ഇരട്ടപദവി ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നിയമനം. റിട്ട. ചീഫ് സെക്രട്ടറിമാരായ സി.പി നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 4,57,09,486 (4.57 കോടി) രൂപയാണ് സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. കമ്മീഷന് സ്വന്തമായി വാഹനങ്ങള്‍ ഇല്ലെങ്കിലും കമ്മീഷന്‍ ചെയര്‍മാന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഉപയോഗത്തിനായി വിനോദ സഞ്ചാര വകുപ്പില്‍ നിന്നും ഓരോ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം സി.പി നായര്‍, പാര്‍ട്ട് ടൈം അംഗം നീലാഗംഗാധരന്‍ എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിനോദ സഞ്ചാര വകുപ്പില്‍ നിന്നും വാഹനങ്ങള്‍ അനുവദിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമെ ഓഫീസ് ആവശ്യങ്ങള്‍ക്കായി രണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുമുണ്ട്. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും പ്രതിമാസം ലക്ഷങ്ങളുടെ ചെലവുണ്ട്. പത്തിലധികം പേരാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിലവിലുള്ളത്. പേഴ്‌സണല്‍ അസിസ്റ്റന്റിന് മാത്രം പ്രതിമാസം 88,922 രൂപ ശമ്പളമുണ്ട്.
സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയെന്നതാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ ചുമതല. ജനസൗഹൃദ സിവില്‍ സര്‍വീസ് ലക്ഷ്യം വച്ചുള്ള ശുപാര്‍ശകളുടെ രൂപീകരണമടക്കം മുഖ്യലക്ഷ്യമാക്കി ഉള്‍പ്പെടുത്തിയാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ രൂപീകരിച്ചത്. എന്നാല്‍ 2019 ജനുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിജിലന്‍സ് സംവിധാനത്തിലെ പരിഷ്‌ക്കരണം അടക്കം ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടുകളിലെ ഒരു നിര്‍ദേശവും സര്‍ക്കാര്‍ ഇത് നടപ്പാക്കിയിട്ടില്ല.

web desk 1: