തിരുവനന്തപുരം: മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും തിരുകി കയറ്റുന്നതായി ആരോപിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ളവ ഹിന്ദുത്വ രാഷ്ട്രീയവും കീഴാള പുച്ഛവുമാണ് എയ്തു വിടുന്നത്. ജാതി സംവരണത്തിന്റെ ലോജിക്കും അനിവാര്യതയും സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന്റേതടക്കമുള്ള വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ ഏറ്റെടുക്കേണ്ടതെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിവൃത്തികേടുകൊണ്ടാണ് മിക്ക ഉയര്‍ന്ന നേതാക്കളും ജാതി സംവരണത്തെ അനുകൂലിക്കുന്നത്. ലോജിക് മനസ്സിലാവാതെയാണ് അവര്‍ പിന്തുണക്കുന്നത്. എന്നാല്‍ ലോജിക്കിനെയും അനിവാര്യതയെയും കുറിച്ച് ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ബിജെപി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നതിനു പുറമെ സംഘ് പരിവാറിലേക്ക് ആളെക്കൂട്ടുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ച് വരുന്ന ഒരു മര്‍മറിങ് കാമ്പയിന്‍ ജാതി സംവരണ വിരുദ്ധയുടേതാണെന്നും ബല്‍റാം പറയുന്നു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കോണ്‍ഗ്രസിന്റേതടക്കമുള്ള വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ട ഒരു ക്യാമ്പയിന്‍, ഒരുപക്ഷേ അടുത്ത കുറച്ച് കാലത്തേക്കെങ്കിലുമുള്ള ഒരേയൊരു ക്യാമ്പയിന്‍, ജാതി സംവരണത്തിന്റെ ലോജിക്കും അനിവാര്യതയും സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഉയര്‍ന്ന നേതാക്കന്മാര്‍ പോലും പലപ്പോഴും ജാതി സംവരണത്തെ അനുകൂലിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്, അതിന്റെ ലോജിക് മനസ്സിലായിട്ടല്ല എന്നാണ് പലരോടുമുള്ള പരിചയം വെച്ച് എനിക്കും തോന്നിയിട്ടുള്ളത്.
ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നതിനുശേഷം സംഘ് പരിവാറിലേക്ക് ആളെക്കൂട്ടുന്നതില്‍ ഏറ്റവുമധികം പങ്ക് വഹിച്ചു വരുന്ന ഒരു മര്‍മറിംഗ് ക്യാമ്പയിന്‍ ജാതി സംവരണ വിരുദ്ധതയുടേതാണ്. വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ള പോപ്പുലര്‍ മീഡിയയിലൂടെയും പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ചാണ് ഒളിച്ചു കടത്തപ്പെട്ടിരുന്നത്.
ഒരുകാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു: ജാതി സംവരണമെന്തിനെന്ന് മനസ്സിലാവാത്തവരുടേയും അതിന് പകരമായി സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നവരുടേയും സ്ഥാനം ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാറിനൊപ്പം തന്നെയായിരിക്കും. ചരിത്രബോധമാണ് ഫാഷിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധം.