ലക്‌നോ: ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ് ഫെബ്രുവരി എട്ടിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്ന മുസ്്‌ലിംകള്‍ പാകിസ്താനിലേക്കൊ ബംഗ്ലാദേശിലേക്കൊ പോകണമെന്നാണ് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി ആവശ്യപ്പെട്ടത്.

റിസ്‌വിയുടെ പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്. തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച്ച ജുമുഅക്കു ശേഷം രാമജന്മഭൂമി ക്ഷേത്രപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസിനെ സന്ദര്‍ശിച്ചതിനു ശേഷമാണ് വസീം റിസ്‌വി ഇപ്രകാരം പ്രതികരിച്ചത്. ‘അയോധ്യയില്‍ രാമക്ഷേത്രം വരുന്നതിനെ എതിര്‍ത്ത് പള്ളി പണിയണമെന്ന് ആഗ്രഹിക്കുന്ന മൗലികവാദ ചിന്താഗതിക്കാര്‍ പാകിസ്താനിലേക്കൊ ബംഗ്ലാദേശിലേക്കൊ പോകണം. അത്തരം മുസ്്‌ലിംകക്ക് ഇന്ത്യയില്‍ സ്ഥാനമില്ല.’മുസ്്‌ലിം പള്ളികളുടെ പേരില്‍ ജിഹാദ് നടത്തുന്നവര്‍ക്ക് സിറിയയില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഐ.എസില്‍ പോയി ചേരാമെന്നും അദ്ദേഹം പറഞ്ഞു.

മതമൗലികവാദികളായ മുസ്്‌ലിം പുരോഹിതന്‍മാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്നും, അത്തരക്കാര്‍ ദയവ് ചെയ്ത് പാകിസ്താനിലേക്കൊ അഫ്ഗാനിസ്താനിലേക്കൊ പോകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സമുദായ സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തിയ റിസ്‌വിയെ അറസ്റ്റ് ചെയ്യണമെന്നമെന്ന ആവശ്യവുമായി ഷിയ പുരോഹിതന്‍മാര്‍ രംഗത്തെത്തി. വഖഫിന്റെ സമ്പത്ത് കൈവശം വെയ്ക്കുകയും അനധികൃതമായി വില്‍ക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തില്‍ ഉള്‍പെട്ടിട്ടുള്ളയാളാണ് റിസ്‌വിയെന്ന് ഷിയ ഉലമ കൗണ്‍സില്‍ മൗലാന ഇഫ്തിഖര്‍ ഹുസൈന്‍ ഇന്‍ഖ്വിലാബി ആരോപിച്ചു.

ഈ ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ഇത്തരം നാടകങ്ങളുമായി അദ്ദേഹം രംഗത്ത് വരുന്നതെന്നും ഇന്‍ഖ്വിലാബി പറഞ്ഞു. പാകിസ്താനിലേക്ക് പോകണമെന്നുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. അതിനുളള പിച്ചക്കാശ് ഞാന്‍ തരാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, യോഗയെ എതിര്‍ക്കുന്നവര്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്ന് വിഎച്ച്പി നേതാവ് സ്വാധി പ്രാചിയും മുമ്പ് പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ ഷിയ നേതാവിന്റെ തന്നെ പരാമര്‍ശത്തെ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍.