ബംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബീഫ് കഴിക്കണമെന്ന് തനിക്ക് തോന്നിയാല്‍ കഴിക്കുക തന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെന്തിനാണ് അനാവശ്യമായി ഇടപെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ എന്തിനാണ് ബീഫ് കഴിക്കുന്നതിന്റെ വക്താവാകുന്നതെന്ന യോഗിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ താന്‍ കഴിക്കും.

ഹിന്ദു വിശ്വാസികളില്‍ നിരവധി പേര്‍ ബീഫ് കഴിക്കാറുണ്ട്. തനിക്കിഷ്ടമില്ലാത്തതു കൊണ്ട് ഇപ്പോള്‍ കഴിക്കാറില്ല. വേണമെന്ന് തോന്നിയാല്‍ എന്തായാലും കഴിക്കും. താന്‍ പശുവിനെ നോക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുമുണ്ട്.

എന്നാല്‍ യോഗി പശുവിനെ നോക്കാറുണ്ടോ. പിന്നെ എന്ത് അധികാരത്തിലാണ് തന്നെ വിമര്‍ശിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.