ദീപാവലി ആഘോഷവേളയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വീരാടിന്റെ ഇഷ്ട സോഷ്യല്‍ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആശംസ നേരുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് കോഹ്ലി സൈനികരെ അഭിനന്ദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സന്ദേശ് ടു സോള്‍ജിയേഴ്സ്’ (#Sandesh2Soldiers) എന്ന ഹാഷ് ടാഗിന് തുടര്‍ച്ചയായാണ് കോഹ്ലിയുടെ ആശംസ.

‘ഞാന്‍ വിരാട് കോഹ്ലി. ഈ ദീപാവലിക്ക് നമ്മുടെ സൈനികര്‍ക്ക് ആശംസകള്‍ക്കൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരാന്‍ ഞാനാഗ്രഹിക്കുന്നു. വീട്ടില്‍ നിന്ന് വളരെ ദൂരെയായിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കറിയാം. നമ്മുടെ രാജ്യത്തെ എങ്ങനെ നിങ്ങള്‍ സംരക്ഷിക്കുന്നു എന്നതും വളരെ പ്രശംസ അര്‍ഹിക്കുന്ന ഒന്നാണ്. എന്റെ സഹോദരരേ, മുഴുവന്‍ ഭാരതീയരോടൊപ്പം ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടെന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാം.’ വിരാട് കോഹ്ലി വീഡിയോയിലൂടെ പറയുന്നു.

കൂടാതെ ‘നമ്മള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതും, സമാധാനമായി ജീവിക്കുന്നതും സൈനികര്‍ കാരണമാണ്. നിങ്ങളെപ്പോഴെങ്കിലും ഒരു സൈനികനെ കാണുകയാണെങ്കില്‍ അവരെ സല്യൂട്ട് അടിക്കുക. ജയ്ഹിന്ദ്’-വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പറയുന്നു. #Sandesh2Soldiers എന്ന ഹാഷ് ടാഗും കോഹ്ലി പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിനെ തുടര്‍ന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്, രാജീവ് ചന്ദ്രശേഖര്‍ എംപി, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, അനുരാഗ് ഠാക്കൂര്‍, ദേവേന്ദ്ര ഫട്നാവിസ് തുടങ്ങി നിരവധി പേര്‍ സൈനികര്‍ക്ക് നേരത്തെ ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകള്‍ മോദി റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.