Connect with us

Video Stories

വയനാടന്‍കാറ്റ് വലത്തോട്ടുതന്നെ

Published

on

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ

രൂപീകരണം മുതല്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കര്‍ഷകരുള്ള മണ്ഡലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ മാത്രം മതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് റെക്കോഡ് ഭൂരിപക്ഷം ലഭിക്കാന്‍. സംസ്ഥാനത്ത് യു.ഡി.എഫ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷത്തില്‍ എത്ര കുറവ് വരുത്താനാവുമെന്ന ആലോചനയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. സിറ്റിംഗ് എം.പിയുടെ ഓര്‍മകള്‍ പേറി വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ഇത്തവണ സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാകുമെന്ന് തീര്‍ച്ചയാണ്.
നിരവധി പ്രത്യേകതകളുള്ള പാര്‍ലമെന്റ് മണ്ഡലമാണ് മലബാറിലെ മൂന്ന് ജില്ലകള്‍ വിധിനിര്‍ണയിക്കുന്ന വയനാട്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ മണ്ഡലം. സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല. ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ മൂന്നെണ്ണവും സംവരണം. ഭൂരിഭാഗവും മലയോര പ്രദേശങ്ങള്‍. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിയിരിക്കേ സിറ്റിംഗ് എം.പിയുടെ നിര്യാണം. രൂപീകരിച്ച കാലം മുതല്‍ യു.ഡി.എഫിന് മധുരവും എല്‍.ഡി.എഫിന് കൈപ്പും സമ്മാനിച്ച തെരഞ്ഞെടുപ്പ് ഫലം. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന മലയോര കര്‍ഷക മനസ്സ് തുടങ്ങിയവ ഇതില്‍ ചിലത്് മാത്രം.
കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നിന്നും തമിഴ്‌നാട് അതിര്‍ത്തിയായ ഗൂഡല്ലൂരില്‍ നിന്നും തുടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരായ കര്‍ഷകരാണ്. പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലത്തില്‍ മണ്ണിനോടും പ്രകൃതിയോടും ഇഴചേര്‍ന്ന് ജീവിക്കുന്നവരാണ് വോട്ടര്‍മാര്‍. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, വന്യമൃഗശല്യം, വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളുടെ അഭാവം, രാത്രിയാത്രാനിരോധനം തുടങ്ങി മറ്റ് മണ്ഡലങ്ങളിലൊന്നുമില്ലാത്ത പ്രതിസന്ധികളാണ് വയനാട് മണ്ഡലത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുക. ഇത്തവണത്തെ പ്രളയം സംസ്ഥാനത്ത് വന്‍നഷ്ടങ്ങളുണ്ടാക്കിയ മണ്ഡലങ്ങളിലൊന്നും വയനാടായിരുന്നു. പ്രളയത്തില്‍ സര്‍വ്വവും തകര്‍ന്ന കൃഷിയിടങ്ങളില്‍ പ്രതീക്ഷയുടെ വിത്തെറിയാന്‍ കഴിയുന്ന യു.പി.എ സര്‍ക്കാരിനുള്ള പിന്തുണയുമായിട്ടായിരിക്കും ഏപ്രില്‍ 23ന് വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനിലെത്തുക.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടി പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വയനാട് ജില്ലയിലെ മാനന്തവാടി (എസ്.ടി), സുല്‍ത്താന്‍ബത്തേരി (എസ്.ടി), കല്‍പ്പറ്റ എന്നീ നിയമസഭാ മണ്ഡലങ്ങളും, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലവും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) അസംബ്ലി മണ്ഡലങ്ങളാണുള്ളത്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ബത്തേരിയില്‍ വന്‍വിജയം നേടിയ യു.ഡി.എഫിന് നേരിയ മാര്‍ജിനിലാണ് മാനന്തവാടി നഷ്ടമായത്. കല്‍പ്പറ്റയില്‍ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച ജനതാദളിലെ എം.വി. ശ്രേയാംസ്‌കുമാര്‍ തോറ്റിരുന്നു. ചുരമിറങ്ങിയാല്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറത്തെ നിലമ്പൂരും കുടിയേറ്റവോട്ടര്‍മാരാണ് വിധിയെഴുതുക. ഐക്യജനാധിപത്യമുന്നണിക്ക് സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള മലപ്പുറത്തെ ഏറനാടും വണ്ടൂരുമാണ് മറ്റ് രണ്ട് നിയമസഭാമണ്ഡലങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 30 വരെ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,55,786 പേര്‍ പുരുഷ വോട്ടര്‍മാരും 6,70,002 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ് (210051). കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടി പിറവിയെടുത്ത വയനാട് മണ്ഡലത്തില്‍ വിജയക്കൊടി രണ്ട് തവണയും എം.ഐ ഷാനവാസിലൂടെ യു.ഡി.എഫിനൊപ്പമായിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ എം.ഐ. ഷാനവാസിന് നല്‍കിയത്. സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23 ശ.മാ), എന്‍.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ), ബി.ജെ.പിയിലെ സി.വാസുദേവന് 31687(3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്‍ വീണത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് വിജയം ആവര്‍ത്തിച്ചു. സി.പി.ഐയിലെ സത്യന്‍ മൊകേരിയെയായിരുന്നു ഇത്തവണ ഷാനവാസ് പരാജയപ്പെടുത്തിയത്. മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ടും കിട്ടി.
ഏഴ് മണ്ഡലങ്ങളില്‍ മാനന്തവാടി (ഒ.ആര്‍ കേളു), കല്‍പ്പറ്റ (സി.കെ ശശീന്ദ്രന്‍), തിരുവമ്പാടി (ജോര്‍ജ്ജ്.എം.തോമസ്), നിലമ്പൂര്‍ (പി.വി അന്‍വര്‍) എന്നിവിടങ്ങളില്‍ വിജയിച്ചത് എല്‍.ഡി.എഫായിരുന്നു. സുല്‍ത്താന്‍ ബത്തേരി (ഐ.സി ബാലകൃഷ്ണന്‍), വണ്ടൂര്‍ (എ.പി അനില്‍കുമാര്‍), ഏറനാട് (പി.കെ ബഷീര്‍) എന്നീ മൂന്ന് മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും നിന്നു. എന്നാല്‍ എല്‍.ഡി.എഫ് ജയിച്ച നാല് മണ്ഡലങ്ങളിലും കൂടി ലഭിച്ച ഭൂരിപക്ഷം 28902 മാത്രമാണ്. മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ജയിച്ച യു.ഡി.എഫിന് 47960 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. കൂടുതല്‍ സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോഴും ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 19058 വോട്ടിന് യു.ഡി.എഫ് തന്നെയായിരുന്നു മുന്നില്‍.
അസുഖം കാരണം ഏറെക്കാലം ആസ്പത്രിയിലായിരുന്നെങ്കിലും മണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ഗ്രാഫാണ് എം.ഐ ഷാനവാസിനെ മണ്ഡലത്തിന്റെ പ്രിയപ്പെട്ട ജനപ്രതിനിധിയാക്കിയത്. ആദ്യ അഞ്ചുവര്‍ഷംകൊണ്ട് 1056 കോടിയുടെ വികസനവും രണ്ടാം ടേമില്‍ അതിലും കൂടുതല്‍ പദ്ധതികളുമാണ് എം.പി മലയോരത്തെത്തിച്ചത്. ഐക്യജനാധിപത്യ മുന്നണിയെ എക്കാലവും തുണച്ച വയനാട് പാര്‍ലമെന്റ് സീറ്റില്‍ ഇത്തവണയും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ മുഴുവന്‍ ബൂത്ത് തലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.
എല്‍.ഡി.എഫ് ഒരു പ്രതീക്ഷയും പുലര്‍ത്താത്ത മണ്ഡലത്തില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി സുനീറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി, വയനാട് ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് എന്നിവയൊക്കെയാണെങ്കിലും വയനാട്ടിലെ സി.പി.എം നേതാക്കള്‍ക്ക് പോലും പരിചിതനല്ല സുനീര്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും എം ഫോണ്‍ ഉടമ ആന്റോ അഗസ്റ്റിനായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending