Connect with us

kerala

വയനാട് ദുരന്തം: രക്ഷാപ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം എം.എല്‍.എ ജെനീഷ് കുമാര്‍

രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്‍.എക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.

Published

on

കേരളം നടുങ്ങിയ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട സഹജീവികള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും മറന്ന് രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ അപമാനിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍. ‘ജീവന്‍ തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി’ എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളന്റിയര്‍മാര്‍ ഒരുക്കിയ ഭക്ഷണ വിതരണം പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവാദത്തിന്റെ തുടര്‍ച്ചയായാണ് എം.എല്‍.എയുടെ പ്രതികരണം.

വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്‍ ജോസ് അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞിരുന്നത്. അടുക്കള പൂട്ടിച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു.

എന്നാല്‍, രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്‍.എക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാവരും കൈമെയ് മറന്ന് മനുഷ്യരാണെന്ന ഒറ്റഭാവത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ പരിഹസിച്ചത് ഉചിതമായില്ലെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. പഴയ ഡി.വൈ.എഫ്.ഐക്കാരന്റെ നിലവാരത്തില്‍ എം.എല്‍.എ പ്രതികരിക്കരുത് എന്നും ചിലര്‍ ഓര്‍മിപ്പിച്ചു.

നേരത്തെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസും വയനാട്ടിലെ രക്ഷാപ്രവര്‍ത്തകരെ പരസ്യമായി അപമാനിച്ചിരുന്നു. ജെനീഷ് കുമാര്‍ എം.എല്‍.എ ഇദ്ദേഹത്തെ മാതൃകയാക്കി സന്നദ്ധസേവകരെ അപമാനിക്കുകയാണെന്ന് എം.എല്‍.എയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു.

അവിടെയുള്ളവര്‍ ധിറുതി പിടിച്ച് ടീ ഷര്‍ട്ടുകള്‍ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നുമായിരുന്നു ഒരു യു-ട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ മോഹന്‍ദാസ് ആരോപിച്ചത്. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാന്‍ ഇവര്‍ക്ക് പേടിയാണെന്നും പറഞ്ഞിരുന്നു. ‘ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല’ -ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ പറഞ്ഞു.

kerala

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

Published

on

കോഴിക്കോട്: കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന നിരവധി ആളുകളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.

ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളില്‍ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീഷണിയായി മാറുന്ന ആനയെ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില്‍ കാട്ടാനയുണ്ടായിട്ടും പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്‍കി.

വെറ്റിനററി ഡോക്ടര്‍ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.

Continue Reading

kerala

സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടി; ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന

ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

Published

on

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന. പ്രതി സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്. ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

അതേസമയം കഴിഞ്ഞദിവങ്ങളില്‍ ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസിന് വിവരം ലഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്.

കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 9446899506 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ, സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച

വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ്

Published

on

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോളാണ് വിവരം അറിയുന്നത്. പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല.

ജയില്‍ അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം.

തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്.

സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി 46 എന്ന ജയില്‍ വേഷത്തില്‍ തന്നെയാണ് രക്ഷപ്പെട്ടത്. ഗോവിന്ദചാമിയെ തിരിച്ചറിയാന്‍ കഴിയുന്ന പുതിയ ഫോട്ടോ ജയില്‍ അധികൃതകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ ജയില്‍ സുപ്രണ്ടിന്റെ 9446899506 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

Continue Reading

Trending