കല്‍പറ്റ: മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന.

റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.