കല്‍പ്പറ്റ: വയനാട്ടില്‍ പനമരം ടൗണിലിറങ്ങിയ കാട്ടാന ഒരാളെ കുത്തിക്കൊന്നു. പാല്‍ വാങ്ങി വരുമ്പോഴാണ് രാഘവന്‍ (74) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പനമരം പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷിന്റെ പിതാവാണ് രാഘവന്‍. രാവിലെ ആറരയോടെ പനമരം ടൗണിനു സമീപം കാപ്പുഞ്ചാലിലാണു സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ രാഘവന്‍ ഏറെ നേരം റോഡില്‍ കിടന്നു. ആന തൊട്ടടുത്തുണ്ടായിരുന്നതിനാല്‍ ആര്‍ക്കും അടുക്കാനായില്ല. ഒടുവില്‍ ഏഴരയോടെ ആന പിന്മാറിയപ്പോള്‍ നാട്ടുകാര്‍ രാഘനെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായിരുന്നതിനാല്‍ രാഘവന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതിനിടെ, കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് രാഘവന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധം പിന്‍വലിച്ചു. പനമരം, നടവയല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഉപരോധം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ നല്‍കുമെന്നും കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളില്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഇവിടങ്ങളില്‍ രാത്രി കാവല്‍ ഏര്‍പെടുത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആക്രമിച്ച കാട്ടാന പ്രദേശത്ത് നിലയുറപ്പിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിനായി പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.