കല്‍പ്പറ്റ: തുടച്ചുനീക്കപ്പെട്ടു എന്നു കരുതിയ ഡിഫ്ത്തീരിയ രോഗബാധ വയനാട്ടില്‍ വീണ്ടും പടര്‍ന്നുപിടിക്കുന്നു. കാലവര്‍ഷം തടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ എട്ട് പേര്‍ക്ക് രോഗം പിടിപെട്ടു കഴിഞ്ഞു.

മാനന്തവാടി നഗരസഭ പരിധിയില്‍പെട്ട ആദിവാസി കോളനിയിലെ പത്ത് വയസ്സുകാരിക്കാണ് ഏറ്റവുമൊടുവില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണിപ്പാലില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ മൂന്നാമത്തെയാള്‍ക്കാണ് ഡിഫ്ത്തീരിയ ബാധിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗം പടര്‍ന്ന് പിടിക്കുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
അതേസമയം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സാഹചര്യം ജില്ലയിലെ ആസ്പത്രികളില്ലാത്തത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിട്ടുണ്ട്. നിലവില്‍ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്.
ചികിത്സക്ക് പുറമെ രോഗബാധ സ്ഥിരീകരിക്കാനുള്ള സാഹര്യവും നിലവില്‍ ജില്ലയിലില്ല. രോഗം സംശയിക്കുന്നവരുടെ സ്വാബ് പരിശോധനക്കായി കര്‍ണാടകയിലെ മണിപ്പാലിലേക്ക് അയക്കുക മാത്രമാണ് മാര്‍ഗം. ഇതിന്റെ ഫലമറിയാന്‍ ഏറെ കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച മാനന്തവാടിയിലെ ആദിവാസി ബാലികയെ ജൂണ്‍ 05 നാണ് കടുത്ത തൊണ്ടവേദനയും പനിയും മൂലം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ സ്വാബ് പരിശോധന ഫലത്തിനായി നാല് ദിവസം കാത്തുനില്‍ക്കേണ്ടി വന്നു. ഇത് കാരണം പെട്ടെന്നുള്ള ചികിത്സക്ക് തടസ്സമാവുന്നതായും അതുവഴി രോഗം മൂര്‍ഛിക്കാന്‍ ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 2016ലാണ് ജില്ലയില്‍ വീണ്ടും ഡിഫ്്ത്തീരിയ രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഒരാള്‍ക്കാണ് രോഗം ബാധിച്ചത്.
എന്നാല്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോഴേക്കും ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി എട്ടോളം കേസ്സുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബത്തേരി തൊവരിമലയിലെ മുപ്പത്കാരി, വെള്ളമുണ്ട പഞ്ചായത്തിലെ ഇരൂപത്തിയൊന്നുകാരി, ചീരാലിലെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലെ കോളനിവാസിയായ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി, മാനന്തവാടി നഗരസഭ പരിധിയിലെ പതിനഞ്ചു വയസ്സുകാരി, പൂതാടി പഞ്ചായത്തില്‍പെട്ട മണല്‍വയലിലെ ആദിവാസി കോളനിയിലെ പതിനഞ്ച്കാരി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നുവയസ്സുകാരന്‍, ബത്തേരി നായ്ക്കട്ടി പ്രദേശത്തെ യുവതി എന്നിവരാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ച മറ്റുള്ളവര്‍. പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍.
കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗം ഗുരുതരമായി മാറും. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഹൃദയം, മസ്തിഷ്‌ക്കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ചും കഴുത്തിലെ വീക്കം കാരണം ശ്വാസതടസ്സമുണ്ടായും മരണം വരെ സംഭവിക്കാം.
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ വായുവില്‍ കൂടി പകരുന്ന ഡിഫ്ത്തീരിയ ജില്ലയില്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്ക വ്യാപകമായിരിക്കുകയാണ്.