പട്‌ന: മുഖ്യമന്ത്രി കസേരയില്‍ ആരിരുന്നാലും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി താനാണെന്ന് തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും മണി പവറും മസില്‍ പവറും തന്ത്രങ്ങളും ഉപയോഗിച്ചിരിക്കാം. പക്ഷെ ഈ 31കാരനെ തടയാന്‍ അവര്‍ക്കാവില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതില്‍ നിന്നും ആര്‍ജെഡിയെ തടയാന്‍ അവര്‍ക്കാവില്ല,’ തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘നോക്കൂ നിതീഷിന്റെ തിളക്കം എവിടെ പോയെന്ന്? അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇത് മാറ്റത്തിനുള്ള ജനവിധിയാണ്. നിതീഷ് കുമാറാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെങ്കിലും ജനങ്ങളുടെ മനസില്‍ ഞങ്ങള്‍തന്നെയാണ്,’ തേജസ്വി പറഞ്ഞു.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തേജസ്വി ആരോപിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറില്‍ യഥാര്‍ത്ഥത്തില്‍ അധികാരത്തിലെത്തിയത് മഹാസഖ്യമാണ്. എന്‍ഡിഎ മുഖ്യമന്ത്രി വരുന്നത് പിന്‍വാതില്‍ വഴിയാണെന്നും തേജസ്വി ആരോപിച്ചു.