Chicku Irshad

ന്യൂസിലാന്‍ഡ്: ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്‌ലിം പള്ളികളിലായി പ്രാര്‍ത്ഥനയിലായിരുന്ന ആളുകള്‍ക്ക് ഭീകരാക്രമണം നടത്തുകയും 51 പേരെ വെടിവെച്ചുകൊല്ലുകയും ചെയത് കുറ്റവാളി ബ്രിന്റണ്‍ ഹാരിസണ്‍ ടാറന്റിനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് പള്ളി ഇമാം ഗമാല്‍ ഫൗദ.

ന്യൂസിലാന്‍ഡ് കോടതിയുടെ ചരിത്രവിധി ലോകത്തിന് മാതൃകയാണെന്ന്, അക്രമം നടന്ന അല്‍ നൂറ പള്ളി ഇമാം കൂടിയായ, ഗമാല്‍ ഫൗദ പറഞ്ഞു. ഒരു ശിക്ഷയ്ക്കും പ്രിയപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നത് യാഥാര്‍ഥ്യമാണ്. ന്യൂസിലാന്‍ഡിലെ നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും ഒറ്റക്കെട്ടായി വെറുപ്പിനെതിരേ നിന്നു. അത് ലോകത്തിനുതന്നെ മാതൃകയായി, അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം, ദേശീയത, പ്രത്യയശാസ്ത്രം ഇതില്‍ ഏതിനെ മുന്‍നിര്‍ത്തിയായാലും തീവ്രവാദികളുടെ രാഷ്ട്രീയം ഒന്നാണ്. എല്ലാ തീവ്രവാദികളും അവര്‍ വിദ്വേഷത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ സ്‌നേഹവും അനുകമ്പയുള്ളവരുമാണ്. മുസ്ലിം, അമുസ്ലിം, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ എല്ലാവരേയും പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങള്‍ ന്യൂസിലാന്റുകാര്‍. ന്യൂസിലാന്റിലെ മുസ്‌ലിംകളായതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. ഞങ്ങള്‍ ഈ രാജ്യത്തിന്റെ സേവനം തുടരും, അല്‍ നൂറ പള്ളി ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.

2019 മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടിവെപ്പുണ്ടായത്. ആദ്യം അല്‍ നൂര്‍ പള്ളിക്കുള്ളിലായിരുന്നു ആക്രമണം. പിന്നീട് ലിന്‍സ് വുഡ് ഇസ്ലാമിക് സെന്ററിലെത്തിയ അക്രമി അവിടെയും തുടരെ കൊലപാതങ്ങള്‍ നടത്തി. ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടായിരുന്നു ഭീകരാക്രമം നടത്തിയത്. മൂന്നാമത്തെ പള്ളിയേയും ലക്ഷ്യംവച്ചു പോകുന്നതിനിടെ ബ്രിന്റണ്‍ ടാറന്റ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

Imageവിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്‌നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.

തീവ്രവാദി ആഗ്രഹിച്ചതിന്റെ നേര്‍വിപരീതമാണ് ഫലമാണുണ്ടായിരിക്കുന്നത്. ലോകം ന്യൂസിലാന്റിനെ ആങ്ങനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികള്‍ ലോകത്തെ കൂടുതല്‍ അടുപ്പിച്ചു. തീവ്രവാദിയെ കുറ്റവാളിയായിട്ടാണ് കാണുന്നതെന്നും, ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.

പ്രതി അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും ആജീവനാന്ത ഒറ്റപ്പെടലിനാണ് അയാളെന്നുമായിരുന്നു, കോടതി വിധിയോടുള്ള ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്റെ പ്രതികരണം. കൂട്ടക്കൊല നടത്തിയയാള്‍ ഒരിക്കലും പകല്‍വെളിച്ചം കാണുകയില്ലെന്നതില്‍ ആശ്വാസമുണ്ടെന്ന് ജസിന്ദ പറഞ്ഞു. മാര്‍ച്ച് 15-ന് അയാളുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. എന്നാല്‍, അതിനു പിന്നിലെ തീവ്രവാദിയുടെ പേര് ഇനി ഉച്ചരിക്കേണ്ടിവരില്ലെന്നത് ആശ്വാസമാണ്. ആജീവനാന്തകാല നിശ്ശബ്ദതയാണ് പ്രതി അര്‍ഹിക്കുന്നതെന്നും ജസിന്ദ അഭിപ്രായപ്പെട്ടു.

പ്രതിക്ക് പരോളില്ലാതെ ആജീവനാന്ത തടവുശിക്ഷ വിധിച്ച കോടതി, മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് 29 വയസ്സുകാരനായ ടാറന്റ് നടത്തിയതെന്നും നിരീക്ഷിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടുന്ന നിരപരാധികളെ കൊന്നൊടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ അഭിപ്രായപ്പെട്ടു. ടാറന്റ് ചെയ്ത കുറ്റം കണക്കാക്കുമ്പോള്‍ ആജീവനാന്ത ശിക്ഷതന്നെ ചെറുതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഒരു കുറ്റവാളിയെ പരോളില്ലാതെ ശിക്ഷിക്കുന്നത് നിയമചരിത്രത്തില്‍ ആദ്യമാണ്.