കൊല്‍ക്കത്ത: മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തി മന്ത്രിമാരുടെ അസാന്നിദ്ധ്യം. ചൊവ്വാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാലു പേര്‍ വിട്ടു നിന്നതാണ് അഭ്യൂഹങ്ങള്‍ക്ക് തിരി കൊളുത്തിയത്.

പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് പോകുമെന്ന സൂചനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിബ് ബാര്‍ജി, രബീന്ദ്രനാഥ ഘോഷ്, ഗൗതം ദേബ്, ചന്ദ്രനാഥ് സിന്‍ഹ എന്നിവര്‍ കാബിനറ്റ് യോഗത്തില്‍ നിന്നു വിട്ടു നിന്നത്.

മൂന്നു പേര്‍ വിട്ടുനിന്നതിന് ‘മതിയായ കാരണം’ ഉണ്ടായിരുന്നു എന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ വനംമന്ത്രി രജിബ് ബാനര്‍ജി ബിജെപിയിലേക്ക് പോകുമെന്നു തന്നെയാണ് സൂചന. നേരത്തെ, പാര്‍ട്ടിക്കുള്ളില്‍ രജിബ് തന്റെ അസംപ്തൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടരി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിലെത്തിയാണ് ഇദ്ദേഹം അസംതൃപ്തി അറിയിച്ചിരുന്നത്. എന്നാല്‍ സുവേന്ദു അധികാരിയുമായി തന്നെ താരതമ്യം ചെയ്യരുത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

‘അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ പരസ്യമായി ഒന്നും പറയില്ല. പാര്‍ത്ഥ ദായുടെ വീട്ടില്‍ നേരത്തെയും എത്തിയിട്ടുണ്ട്. നേതൃത്വം വിളിച്ചാല്‍ ഇനിയും വരും. അതില്‍ക്കൂടുതല്‍ വായിക്കരുത്’ – അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പശ്ചിമബംഗാളില്‍ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍. ഏതുവിധേനയും സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ ഉറച്ചിറങ്ങിയ ബിജെപി നിരവധി ടിഎംസി, സിപിഎം, കോണ്‍ഗ്രസ് നേതാക്കളെയാണ് ഇതിനകം സ്വന്തം പാളയത്തിലെത്തിച്ചത്.