Connect with us

More

അമേരിക്ക വിധിയെഴുതുമ്പോള്‍

Published

on

തിരഞ്ഞെടുപ്പുകളുടെ വര്‍ഷമായ 2024 ലെ ഏറ്റവും ശ്രദ്ധേയമായ ജനവിധി നാളെ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപദവികളിലൊന്നായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് കമലാ ഹാരിസിലൂടെ ആദ്യമായി ഒരു വനിത അവരോധിക്കപ്പെടുമോ അതോ തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഡൊണാള്‍ഡ് ട്രംപ് ചരിത്രം രചിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഒരു ഘട്ടത്തില്‍ സര്‍വേകളിലെല്ലാം വ്യക്തമായ മുന്‍തൂക്കം പുലര്‍ത്തിയിരുന്ന കമല അവസാനത്തില്‍ പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിലൂടെ ഫലം തീര്‍ത്തും പ്രവചനാതീതമായിരിക്കുകയാണ്. വീറും വാശിയുംകൊണ്ട് മാത്രമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസാധാരണത്തം കൊണ്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സംഭവബഹുലമായിരുന്നു.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ട്രംപും ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി നിലവിലെ പ്രസിഡന്റ് ജോബൈഡനുമായിരുന്നു പ്രധാന എതിരാളികള്‍. എന്നാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടമായ സംവാദങ്ങളില്‍ ബൈഡന് കാലിടറുകയും ട്രംപ് ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെ അപകടം മണത്ത ഡെമോക്രാറ്റുകള്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും നിലവിലെ വൈസ്പ്രസിഡന്റ് കമലക്ക് അവസരം നല്‍കുകയുമായിരുന്നു. പ്രായാധിക്യം മൂലമുള്ള ഓര്‍മക്കുറവായിരുന്നു ബൈഡന് വിനയായത്. മറവിവുമൂലം പൊതു ഇടങ്ങളില്‍ അദ്ദേഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന വാക് പിഴകള്‍ ട്രംപ് പ്രചാരണവിഷയമാക്കിയ ഘട്ടത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തിലും ഓര്‍മക്കുറവ് ബൈഡനെ അലട്ടിയത്. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നുറപ്പായതോടെ ഡെമോക്രാറ്റുകള്‍ അദ്ദേഹത്തെ മാറ്റുകയെന്ന കടുത്ത തീരുമാനത്തിലേക്കെത്തുകയായിരുന്നു.

കമലാ ഹാരിസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ സാഹചര്യങ്ങള്‍ മാറിമറിയുകയും തുടക്കത്തില്‍ അവര്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. പാര്‍ട്ടി കണ്‍വെന്‍ഷനിലെ മിന്നും പ്രകടനം ട്രംപിന് വ്യക്തമായ സാധ്യത കല്‍പിച്ചിരുന്ന മാധ്യമങ്ങള്‍ വരെ മലക്കം മറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ജനപിന്തുണയില്‍ അഞ്ചുശതമാനത്തിന്റെ വരെ വ്യത്യാസം അവര്‍ ട്രംപുമായി നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ ശക്തമായ തിരിച്ചുവരവിനാണ് തിരഞ്ഞെടുപ്പിന്റെ അവസാന നാളുകള്‍ സാക്ഷ്യംവഹിക്കുന്നത്. ഏറ്റവും പുതിയ എന്‍ബിസി ന്യൂസ് സര്‍വേ പ്രകാരം, കമല ഹാരിസിന്റെ ദേശീയതലത്തിലെ ലീഡ് വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായിരുന്ന അഞ്ചുപോയിന്റിന്റെ ലീഡ് നഷ്ടപ്പെട്ട് ഇരുവരും സമാസമം ആയിരിക്കുകയാണ്. എബിസി ന്യൂസ്/ഇപ്സോസ് സര്‍വേയില്‍, സാധ്യതയുള്ള വോട്ടര്‍മാരില്‍ കമലയ്ക്ക് 50 ശതമാനത്തിന്റെ പിന്തുണയുണ്ട്. കഴിഞ്ഞമാസം ഇത് 52 ശതമാനമായിരുന്നു. അതേ സമയം, ട്രംപ് തന്റെ നില, 46ല്‍ നിന്ന് 48 ആയി മെച്ചപ്പെടുത്തുകയും ചെയ്തു. സമാനമാണ് സിബിഎസ്/ യൂഗോവ് ഫലങ്ങളും ഒക്ടോബര്‍ 12,13 ദിവസങ്ങളില്‍ പുറത്തിറക്കിയ ന്യൂ യോര്‍ക്ക് ടൈംസ്/സിയാന കോളജ് സര്‍വേയില്‍, കമല രിസിന് കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ 78 ശതമാനവും ഹിസ് പാനിക് വോട്ടര്‍മാര്‍ക്കിടയില്‍ 56 ശതമാനവും പിന്തുണ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ക്ക് 2016ലും 2020ലും ലഭിച്ചതിനേക്കാള്‍ വളരെ കുറവാണ്. പ്രധാന മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലും അരിസോണ, ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിന്‍സ്‌കോസിന്‍ എന്നിവിടങ്ങളിലും കമലയുടെ ജനസമ്മിതിയില്‍ ഇടിവ് സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വിജയിക്കാന്‍ ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത ട്രംപ് വ്യക്തിഹത്യക്കും വംശീയ അധിക്ഷേപത്തിനുമൊന്നും പ്രചാരണ രംഗത്ത് ഒരവധിയും നല്‍കിയിട്ടില്ല. എന്നിട്ടും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന തിരിച്ചുവരവ് ആശങ്കാജനകമാണ് എന്നതിനേക്കാളുപരി രാജ്യത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനംകൂടിയാണ്. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ പ്രതീക്ഷയോടെയായിരുന്നു യു.എസ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോബൈഡനെ പ്രസിഡന്റ് കസേരയില്‍ പിടിച്ചിരുത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളും നയങ്ങളും മറന്നു മുന്‍ പ്രസിഡന്റ് ട്രംപിന്റെ വഴിയിലാണ് അദ്ദേഹം സഞ്ചരിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈലിന്റെ കൈപിടിച്ച് ട്രംപിന്റെയും മുമ്പേ സഞ്ചരിക്കാന്‍ പറ്റുമോ എന്നായിരുന്നു ബൈഡന്റെ അന്വേഷണം. ഫലസ്തീന്‍ ജനതയുടെ ഉന്മൂല നാശം ലക്ഷ്യംവെച്ചുള്ള സയണിസ്റ്റ് ഭീകരതക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ സംഘര്‍ഷഭരിതമാക്കുന്നതിന് ഇസ്രാഈലിന് പ്രചോദനമായി നിലയുറപ്പിച്ചും ആ ലക്ഷ്യം അദ്ദേഹം നേടുകയും ചെയ്തു. ഡെമോക്രാറ്റുകളുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് മറ്റൊരു ട്രംപ് തന്നെയായി ബൈഡന്‍ മാറിയതോടെ ആര്‍ക്കുവോട്ടുനല്‍കണമെന്ന ആശങ്ക അമേരിക്കക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

crime

മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിദ്യാർഥിനിയെ പീഡ‍ിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസിൽ തിരുവനന്തപുരം കരമന പത്തുമുറി കോമ്പൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട് കോമ്പി വീട്ടില്‍ സജീര്‍ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് സംഭവം.

മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിര്‍ദേശപ്രകാരം വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എല്‍. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സാദിര്‍, എ.എസ്.ഐ ഷിദിയ ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിസാര്‍, റഹീസ്, റഹീം, ഷംസുദ്ദീന്‍, വിപിന്‍ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

Continue Reading

crime

അടൂരിൽ 17 വയസുകാരി അമ്മയായി; ഒപ്പം താമസിച്ചിരുന്ന 21കാരൻ അറസ്റ്റിൽ

കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്പോഴാണ് സംഭവം പുറത്തറിയുന്നത്

Published

on

അടൂർ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായമാകുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യൻ എന്ന യുവാവാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചേർത്താണ് അറസ്റ്റ്. പെൺകുട്ടിയുടെ അമ്മയെയും കേസിൽ പ്രതി ചേർത്തേക്കും.

പെൺകുട്ടിയെയും കുഞ്ഞിനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റും. കുറച്ചുകാലമായി ആദിത്യനും പെൺകുട്ടിയും ഒന്നിച്ചാണ് താമസം. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയും ആദിത്യനും ഒന്നിച്ച് താമസിക്കുന്നതിനെ കുറിച്ച് കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും അറിയാമായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇവരുടേതെന്നും പോലീസ് പറഞ്ഞു.

Continue Reading

kerala

ഗതാഗതം തടസ്സപ്പെടുത്തി സിപിഎം സമ്മേളനവേ​ദി; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി

പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി

Published

on

കൊച്ചി: ​ഗതാ​ഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി.

തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായാണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയത്. രണ്ട് വരിയിലുള്ള റോഡിലെ ഒരു വരിയിലെ ​​ഗതാ​ഗതം മുടക്കിയാണ് വേദി നിർമിച്ചത്. ഇതോടെ ഈ ഭാ​ഗത്തെ രണ്ട് വരിയിലേയും വാഹനങ്ങൾ ഒരു ഭാ​ഗത്തിലൂടെ പോവുകയായിരുന്നു.

നിയമവിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചെങ്കിലും പാർട്ടി പ്രവർത്തകർ നിർമാണവുമായി മുന്നോട്ടുപോവുകയായിരുന്നു. സമ്മേളനം രാത്രി സമാപിച്ച ശേഷമാണ് പ്രവർത്തകർ സ്റ്റേജ് നീക്കിയത്. നിയമവിരുദ്ധമായി സ്റ്റേജ് കെട്ടിയതിന്റെ പേരിൽ അഞ്ഞൂറോളം പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending