വാഷിങ്ടണ്‍: വാര്‍ത്താസമ്മേളനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിഎന്‍എന്‍ ചാനലിന്റെ വൈറ്റ്ഹൗസ് ലേഖകന്‍ ജിം അക്കോസ്റ്റക്കെതിരായാണ് നടപടിയുണ്ടായത്.

വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്. എന്നാല്‍ ഇത് സാധൂകരിക്കാന്‍ വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ട്രംപിനോട് ചോദ്യം ചോദിക്കുന്നതിനിടെ മൈക്കില്‍ പിടി മുറുക്കിയ അക്കോസ്റ്റ്, വൈറ്റ്ഹൗസ് ജീവനക്കാരിയുടെ കൈ തട്ടിമാറ്റുന്നതായാണ് വീഡിയോയിലുള്ളത്.

സ്ത്രീയോട് മോശമായി പെരുമാറിയെന്ന് വരുത്തി തീര്‍ക്കുന്നതിന് അക്കോസ്റ്റയുടെ കൈകളുടെ ചലനം വേഗത്തിലാക്കുന്ന തരത്തില്‍ എഡിറ്റിങ് നടത്തിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളതെന്നാണ് ആരോപണം. എന്നാല്‍ ഇതില്‍ അക്കോസ്റ്റ ക്ഷമ ചോദിക്കുന്ന ഭാഗം വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.