kerala

ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം കരയുന്നത് എന്തിനാണ്: പികെ കുഞ്ഞാലിക്കുട്ടി

By webdesk14

November 20, 2024

സിപിഎമ്മിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബിജെപിയെ ജയിപ്പിക്കാനാണ്. ഒരാള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദീപ് വാര്യര്‍ക്കെതിരെ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്.

ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാന്‍ കഴിയുമോയെന്ന് സിപിഎം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങള്‍മാര്‍ നാടിന് മതസൗഹാര്‍ദം മാത്രം നല്‍കിയവരാണ്. മുനമ്പത്ത് പ്രശ്നപരിഹാരത്തിന് പാണക്കാട് തങ്ങള്‍ ശ്രമിക്കുമ്പോള്‍ വിഷയം മാറ്റി വര്‍ഗീയ ധ്രൂവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്.

പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്ത് ബിജെപിയും വരും. സമസ്തയിലെ വിഷയം ചര്‍ച്ച നടക്കുന്നുണ്ട്. പത്രത്തില്‍ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.