Connect with us

kerala

വന്ദേഭാരതിലെ പരിപ്പുകറിയില്‍ പുഴു, വ്യാപക പരാതി; കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കാനാവാതെ റെയില്‍വേ

ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലാണ്

Published

on

തിരുവനന്തപുരം:  കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച വ്യാപക പരാതി ഉയർന്നിട്ടും കരാർ റദ്ദാക്കാൻ കഴിയാതെ ദക്ഷിണ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്സിനെതിരെ നടപടിക്ക് ശ്രമിച്ചപ്പോൾ കരാർ കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.

ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലാണ്. മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തത് പരാതിക്കിടയാക്കിയെങ്കിൽ ‌കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി. ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് ഡിവിഷനുകൾ. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ്.

വന്ദേഭാരതിലെ ഭക്ഷണം മെച്ചപ്പെടുകയും പരാതികൾ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐആർസിടിസിയിൽനിന്നു മാറ്റി സോണൽ റെയിൽവേയെ കരാർ നടപടികൾ ഏൽപിച്ചത്. ‌എന്നാൽ, തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്നാണു തുടർച്ചയായ പരാതികൾ സൂചിപ്പിക്കുന്നത്. ഐആർസിടിസി തയാറാക്കിയ റെയിൽവേ കേറ്ററിങ് പോളിസി കരാർ കമ്പനികൾക്ക് അനുകൂലമായതിനാൽ സോണൽ റെയിൽവേക്കു നടപടികളെടുക്കാൻ പരിമിതിയുണ്ടെന്നാണ് ആക്ഷേപം. പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.

പിഴയ‌‌ടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. കേരളത്തിലെ എംപിമാർ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്.

Published

on

കോഴിക്കോട്: തെരുവ് നായ ശല്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്. ഇതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അത്യാഹിത വിഭാഗത്തിനുമുമ്പിലും വിവിധ വാര്‍ഡുകളിലേക്കുള്ള വഴികളിലും തെരുവ് നായകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്ന ജീവനക്കാരും ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കൂട്ടിരിപ്പുകാരും രോഗികളുടെ ബന്ധുക്കളും തെരുവ് നായ ശല്യത്തില്‍ ബുദ്ധിമുട്ടുകയാണ്.

സുപ്രീംകോടതി തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കണമെന്ന് നിര്‍ദേശിച്ച പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഇനിയെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശകര്‍.

Continue Reading

kerala

വടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍

ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

Published

on

വടകര: ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ബൊലേനോ കാറില്‍ ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ നിസാര്‍ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വടകര പൊലീസിന് കൈമാറി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രദേശത്ത് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത് ഇതാദ്യമായാണ്. ബംഗളൂരുവില്‍ നിന്നും മൊത്തത്തില്‍ 260 ഗ്രാം എം.ഡി.എം.എ കടത്തിയതായും അതില്‍ 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മറ്റ് സഹായികളുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading

kerala

മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്.

Published

on

മലപ്പുറം: കോട്ടയ്ക്കലില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫ്ളക്സ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തീ വേഗത്തില്‍ പടരാന്‍ കാരണമായി. സമീപത്തെ ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.

ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധിക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥാപനത്തിന്റെ മുകളില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുകളുണ്ടായതായി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ അറിയിച്ചു.

പ്ലാസ്റ്റിക് ഉത്പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന സ്ഥാപനമായതിനാല്‍ തീ അണയ്ക്കല്‍ ശ്രമം ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സമീപ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Continue Reading

Trending