ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് അറിയിക്കുമെന്ന് നടന്‍ രജനികാന്ത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും താരം പറഞ്ഞു.

ചെന്നൈയില്‍ നടക്കുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയപ്രവേശനത്തിനെ കുറിച്ച് സംസാരിച്ചത്. ആരാധക സംഗമം ഡിസംബര്‍ മുപ്പത്തിയൊന്നുവരെ നീണ്ടുനില്‍ക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുക. രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്‍ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രജനികാന്ത് പ്രവേശിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയം മറ്റൊരു തലത്തിലേക്ക് മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രജനി പുതിയ പാര്‍ട്ടി രൂപികരിക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആര്‍.കെ നഗര്‍ ഉപതെരുഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ വിജയ ആഹ്ലാദം അടങ്ങും മുമ്പാണ് മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ ചുവടുവെപ്പിന് തമിഴ്‌നാട് ഒരുങ്ങുന്നത്. നേരത്തെ നടന്‍ കമല്‍ഹാസനും രാഷ്ട്രീയത്തിലിറങ്ങുമെന്ന് അറീയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്.