തിരുവനന്തപുരം: ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ച് വിവാഹം കഴിച്ചത്. ഏറെ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം.

ടെക്‌നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടി ശ്രീറാമെന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്. കരുനാഗപ്പള്ളി സ്വദേശിയെന്ന നിലയിലാണ് പരിചയപ്പെട്ടത്. 7 വര്‍ഷത്തോളം ബന്ധം നീണ്ടു. ഇടക്ക് ശ്രീറാം ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചു പോയിട്ടും പെണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. തുടര്‍ന്നാണ് മാര്‍ച്ച് 31ന് വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് ബന്ധുക്കളില്ലാതെ യുവാവ് ഒറ്റക്കെത്തിയത് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ സംശയത്തിനിടയാക്കിയായിരുന്നു.

വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ ഒരു ലോഡ്ജിലേക്ക് വരന്‍ കൊണ്ടുപോയി. സംശയമുള്ള വീട്ടുകാര്‍ സ്വര്‍ണാഭരണങ്ങള്‍ നേരത്തെ വാങ്ങിയിരുന്നു. അന്നാണ് തന്റെ ഭര്‍ത്താവ് പെണ്ണാണെന്ന വിവരം പെണ്‍കുട്ടി അറിഞ്ഞത്. രാത്രി തന്നെ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. പക്ഷേ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രഹസ്യന്വേഷണം തുടങ്ങി. ആള്‍മാറാട്ടം നടത്തി എങ്ങിനെ ടെക്‌നോപാര്‍ക്കില്‍ കയറിപ്പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്.

മറ്റെതെങ്കിലും പെണ്‍കുട്ടികളെ സാമ്പത്തികമായി തട്ടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളോ പൊലീസോ പ്രതികരിക്കാന്‍ തയ്യാറാല്ല. ടെക്‌നോപാര്‍ക്ക് അധികാരികളും ആള്‍മാറാട്ടത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങി.