മുംബൈ: കറുത്ത നിറമുള്ളവളെന്ന് കളിയാക്കിയതിന്റെ പേരില്‍ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് യുവതി കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രാന്ധ്യ എന്ന് വിളിക്കുന്ന ജ്യോതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സല്‍ക്കാരത്തിനുള്ള ഭക്ഷണത്തിലാണ് ജ്യോതി വിഷം കലര്‍ത്തിയത്. നാല് കുട്ടികളും ഒരു മധ്യവയസ്‌കനുമാണ് മരിച്ചത്. നിറത്തിന്റെ പേരില്‍ തന്നെ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്ന് വീട്ടുകാരെ കൊല്ലാന്‍ വേണ്ടിയാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍ത്താവിന്റെ രണ്ട് സഹോദരിമാര്‍ എന്നിവരെ കൊല്ലാനായിരുന്നു ജ്യോതിയുടെ ലക്ഷ്യം. ഇവരെ കൊല്ലുന്നതിനായി ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനിടെ ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ വിഷം ചേര്‍ക്കുകയായിരുന്നു. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് നൂറ്റിയിരുപതോളം പേര്‍ ചികിത്സയിലാണ്.