ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ നിന്നുള്ള ധാരാളം വേദനപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ബെയ്‌റൂത്തില്‍ നിന്നു വരുന്നത് സ്‌ഫോടനശേഷം നടന്ന ഹൃദയം കുളിര്‍ക്കുന്നൊരു കാഴ്ച്ചയാണ്. സ്‌ഫോടനത്തോടെ തന്റെ അരുമ മൃഗത്തെ നഷ്ടപ്പെട്ട യുവതിക്ക് അതിനെ തിരിച്ചുകിട്ടിയതിന്റെ വീഡിയോ ആണത്.

അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്മാന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. നഷ്ടപ്പെട്ടുവെന്നു കരുതിയ തന്റെ ഓമനമൃഗത്തെ തിരികെ കിട്ടിയ സന്തോഷത്തില്‍ കെട്ടിപ്പുണര്‍ന്ന് കരയുന്ന യുവതിയാണ് വീഡിയോയിലുള്ളത്. പൂച്ചക്കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് കരയുകയാണ് യുവതി. ‘നിനക്കു വേണ്ടി ഞാന്‍ എവിടെയെല്ലാം തിരഞ്ഞെന്നോ’ എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ആഴ്ച്ചകള്‍ക്കു മുമ്പ് നഗരത്തെ നടുക്കിയ സ്‌ഫോടനത്തിനുശേഷം നിരവധി പേര്‍ക്ക് തങ്ങളുടെ ഓമന മൃഗങ്ങളെ തിരികെ ലഭിച്ചുവെന്നും അത്തരത്തിലൊരു കാഴ്ച്ച കാണാമെന്നും പറഞ്ഞാണ് റെക്‌സ് ചാപ്മാന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്കു കീഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.