ബെയ്‌റൂട്ട്: അപ്രതീക്ഷിതമായി സംഭവിച്ച അണുബോംബ് സ്‌ഫോടനം പോലെ ഭീതിപ്പെടുത്തുന്നതായിരുന്നു ബെയ്‌റൂത്തില്‍ ഇരട്ട സ്‌ഫോടനങ്ങള്‍. ലബനോനിലെ ബെയ്‌റൂത്ത് തുറമുഖ നഗരകത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നവര്‍ക്ക് മുകളില്‍ ഭീകര താണ്ഡവമാണ് സ്‌ഫോടനം തീര്‍ത്തത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. ഏറെ ദൂരെയുള്ള ബഹുനില കെട്ടിടങ്ങള്‍ വരെ സ്‌ഫോടനത്തില്‍ തകര്‍ന്നുവീണു. 180 പേര്‍ കൊല്ലപ്പെടുകയും 6000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

വീടുകളിലും ഓഫീസുകളിലും കഫ്റ്റീരിയകളിലുമായി കഴിഞ്ഞ നിരവധി പേരാണ് മരണത്തിന്റെ തൊട്ടുമുമ്പില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയുംമടക്കം ആളുകളുടെ ശരീരത്തില്‍ സ്‌ഫോടനം വലിയ മുറിവുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ ആഗസ്ത് 4 നുണ്ടായ സ്‌ഫോടനം വിതച്ച കനത്ത പാടുകള്‍ തേടി ഇറങ്ങിയ അസോസിയേറ്റ് പ്രസിന്റെ ഫോട്ടേഗ്രാഫറായ ഹസ്സന്‍ അമര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുകയാണ്.

നെറ്റ്വര്‍ക്ക് എഞ്ചിനീയറായ സാദിക്ക് റിസാഖ് സ്‌ഫോടനം നടക്കുമ്പോള്‍ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. തുറമുഖത്തുണ്ടായ സ്‌ഫോടനം ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം സംഭവിക്കുന്നത്. ‘എന്റെ ദൈവമേ’ എന്ന് അലറി വിളിക്കുന്ന സഹപ്രവര്‍ത്തകരുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ‘സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

മനശാസ്ത്രജ്ഞയും ആരോഗ്യ പരിശീലകയുമായ ക്ലാര ചമ്മസ് അപകടം നടക്കുമ്പോള്‍ അവളുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു.

കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായ ഹസ്സന്‍ നബ (27)

മാതാപിതാക്കളൊടൊപ്പം വീട്ടിലിരിക്കെ പരിക്കേറ്റ നാലുവയസ്സുകാരി യാര സെയ്ദ്

ബിസിനസുകാരനായ റെയ്നര്‍ ജ്രൈസതി (63) വീട്ടിലിരിക്കെയാണ് പരിക്കേറ്റത്

ജോലിയില്ലാതായതോടെ തന്റെ അപ്പാര്‍ട്ട്‌മെന്റിലിരിക്കെയാണ് 63 കാരനായ ടോണി ഹെലോ പരിക്കേറ്റത്.

മോഡലായ ആഞ്ചലിക് സബൗഞ്ജിയന്റെ വലതു കണ്ണിന് മുകളിലായി പരിക്കേറ്റത്. അവരുടെ കണ്ണിനു മുകളിലായി തുന്നില്‍ പാടുകള്‍ കാണാം. ഉഗ്ര സ്‌ഫോടനത്തിനു പിന്നിലെ രഹസ്യം മറനീക്കണമെന്ന് ആഞ്ചലിക് ആവശ്യപ്പെട്ടതായി ഏപി റിപ്പോര്‍ട്ടുചെയ്തു. ഇതിനായി അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘സാധാരണ ഗതിയിലുള്ള ഒരു സംഭവമല്ലെന്നും അണുബോംബ് സ്‌ഫോടനം പോലെയായിരുന്നു അതെന്നും’ ആഞ്ചലിക് പറഞ്ഞു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണെന്നും മുറിവുണങ്ങണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കഴിയുമെന്നാണ് അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ വീടും ജോലിയും നഷ്ടപെട്ട ആളുകള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ദുരിതമനുഭവിക്കുന്ന കാഴ്ചയാണുള്ളത്. നഗരവും വ്യാപാര സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായ നിലയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. കൊറോണ വൈറസിനെ അതിജീവിക്കാന്‍ പാടുപെടുന്നിടെയാണ് ലെബനനുമേല്‍ ബെയ്‌റൂത്ത് ദുരന്തം വന്നുവീഴുന്നത്. ബെയ്‌റൂട്ടിന് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ വിധേയമായി കസ്റ്റംസ് തലവനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന തുറമുഖത്തില്‍ എന്തിനാണ് അത്രയധികം അമോണിയം നൈട്രേറ്റ് സൂക്ഷിച്ചതെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ബെയ്‌റൂത്തില്‍ കണക്കാക്കിയിരിക്കുന്നത്. സ്‌ഫോടനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് പ്രതിപക്ഷമടക്കം ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്