ഇസ്താംബൂള്‍: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഭാര്യ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ആമിര്‍ ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആമിറിന്റെ പുതിയ ചിത്രം ലാല്‍ സിങ് ചദ്ദ ബഹിഷ്‌കരിക്കുമെന്നും സംഘപരിവാര്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തുന്നു.

ലാല്‍ സിങ് ചദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ തുര്‍ക്കിയിലെത്തിയത്. ഇതിനിടെ ഇസ്താംബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് ആമിര്‍ഖാന്‍ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങള്‍ ആമിന എര്‍ദോഗന്‍ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെ ആമിര്‍ ഖാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പാകിസ്ഥാന്റെ ആത്മ മിത്രമാണ് തുര്‍ക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ആമിറിനെതിരെ വിമര്‍ശനം.

അതേസമയം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ തുര്‍ക്കി പ്രഥമ വനിതയുമായി ആമിര്‍ കൂടിക്കാഴ്ച നടത്തിയത് വിവേകശൂന്യമായിപ്പോയെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുര്‍ക്കി ബന്ധം വഷളായത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്ഥാനൊപ്പമാണെന്നും അടുത്തിടെ പ്രിന്റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ സാധിച്ചില്ലെന്ന് അടുത്തിടെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവും അഭിപ്രായപ്പെട്ടിരുന്നു.